അമരീന്ദർ സിംഗ് മുംബൈ സിറ്റി വിട്ടു, ഇനി കളി കൊൽക്കത്തയിൽ!

0
167

മുംബൈ സിറ്റി എഫ്സിയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ അമരീന്ദർ സിംഗ് ടീം വിട്ടു. താരം ടീം വിട്ട കാര്യം മുംബൈ സിറ്റി എഫ്സി തന്നെയാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. മെയ് 31-നാണ് താരത്തിന് ക്ലബ്ബുമായുള്ള കരാർ അവസാനിച്ചത്. 5 സീസണുകൾ ക്ലബ്ബിനു വേണ്ടി കളിച്ച ശേഷമാണ് അദ്ദേഹം മുംബൈ സിറ്റിയോട് വിട പറഞ്ഞത്. മുംബൈ സിറ്റി എഫ്സി വിട്ട താരത്തിന് വമ്പൻ കരാർ നൽകി എടികെ മോഹൻ ബഗാൻ സ്വന്തമാക്കി.

Amrinder Singh

28 വയസ്സ് പ്രായമുള്ള അമരീന്ദർ സിംഗ് പഞ്ചാബ് സ്വദേശിയാണ്. ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഐഎഫ്എ ഷീൽഡ്, ഇന്ത്യൻ സൂപ്പർ ലീഗ് കിരീട നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. 2016 സപ്തംബർ 7-ന് ബെംഗളുരു എഫ്സിയിൽ നിന്ന് ലോൺ വ്യവസ്ഥയിലാണ് അമരീന്ദർ സിംഗ് മുംബൈ സിറ്റിയിൽ എത്തുന്നത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്ക് എതിരായ മത്സരത്തിലൂടെയാണ് അദ്ദേഹം മുംബൈ സിറ്റി എഫ്സിക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്ലബ്ബിനായുള്ള തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച താരം 6 മത്സരങ്ങളിൽ നിന്ന് 5 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി മുംബൈ സിറ്റി എഫ്സിയെ ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആ സീസണിൽ തന്നെ മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിൽ തിളങ്ങിയതോടെ തൊട്ടടുത്ത വർഷം മുംബൈ സിറ്റി എഫ്സി ഈ താരത്തെ ഒരു വർഷത്തെ സ്ഥിര കരാറിൽ സ്വന്തമാക്കി. പക്ഷേ 2017-18 സീസൺ ക്ലബ്ബിന് നിരാശയുടേതായിരുന്നു. ലീഗിൽ നിരാശാജനകമായ പ്രകടനം നടത്തിയ മുംബൈ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായി സീസൺ അവസാനിപ്പിച്ചു.

പക്ഷേ ഒരു ഗോൾകീപ്പർ എന്ന നിലയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ അമരീന്ദർ സിംഗിന് മുംബൈ സിറ്റി എഫ്സി മൂന്നു വർഷത്തെ കരാർ നൽകി. 2018-19 സീസണിലും മികച്ച പ്രകടനം തുടർന്ന അമരീന്ദർ സിംഗ് ക്ലബ്ബിനെ രണ്ടാം വട്ടവും ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനലിൽ എത്തിച്ചു.
കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

തൊട്ടടുത്ത സീസണിലും ക്ലബ്ബിനായി കളത്തിലിറങ്ങിയതോടെ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡും അമരീന്ദർ സിംഗ് സ്വന്തമാക്കി. 2020-21 സീസണിൽ ഗോൾഡൻ ഗ്ലൗ പോരാട്ടത്തിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്ന താരം ക്ലബ്ബിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയാണ് സീസൺ അവസാനിപ്പിച്ചത്.

മുംബൈ സിറ്റി എഫ്സി താരം ക്ലബ്ബ് വിട്ട കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച ഉടനെ എടികെ മോഹൻ ബഗാൻ അമരീന്ദർ സിംഗിനെ സ്വന്തമാക്കിയതായി ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. 5 വർഷത്തെ കരാറിലാണ് എടികെ മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കിയത്. ഇതോടെ വരും സീസണുകളിൽ അദ്ദേഹത്തെ നമുക്ക് എടികെ മോഹൻ ബഗാൻ ജേഴ്സിയിൽ കാണാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here