ജാവോ വിക്ടർ ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റൻ

0
227

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരാനിക്കുന്ന സീസണിൽ ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റനായി ബ്രസീലിയൻ താരം ജാവോ വിക്ടറിനെ തിരഞ്ഞെടുത്തു. ജാവോ വിക്ടറിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പരിചയസമ്പന്നനായ ഈ താരത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിൽ ആരാധകരും ആവേശത്തിലാണ്.

കഴിഞ്ഞ സീസണിൽ ക്ലബ്ബിൻ്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം വഹിച്ച താരമാണ് ജാവോ വിക്ടർ. നേരത്തെ ക്ലബ്ബിൻ്റെ മറ്റു ക്യാപ്റ്റന്മാരായി ഗോൾകീപ്പറായ ലക്ഷ്മികാന്ത് കട്ടിമണി, മുന്നേറ്റ താരമായ ബാർത്തലോമിയോ ഒഗ്ബെച്ചേ എന്നിവരെ തിരഞ്ഞെടുത്തിരുന്നു. ഈ സംഘത്തിലേക്കാണ് ഇപ്പോൾ ജാവോ വിക്ടറും എത്തിച്ചേർന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചത് സ്പാനിഷ് മുന്നേറ്റ താരമായ അരിഡാനെ സൻ്റാനയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് എഫ്സിക്ക് അവസാന നിമിഷമാണ് പ്ലേ ഓഫ് യോഗ്യത നഷ്ടപ്പെട്ടത്.

അഞ്ചാം സ്ഥാനത്തായി സീസൺ അവസാനിപ്പിച്ച ഹൈദരാബാദ് എഫ്സിയുടെ പോരാട്ട വീര്യം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. മികച്ച ഇന്ത്യൻ യുവ താരങ്ങളാണ് കഴിഞ്ഞ വർഷം മാത്രം ഹൈദരാബാദ് എഫ്സിയിൽ നിന്ന് ഉയർന്നു വന്നത്. ഇന്ത്യൻ ദേശീയ ടീമിലേക്ക് ഏറ്റവും കൂടുതൽ താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതും ഹൈദരാബാദ് എഫ്സിയിൽ നിന്നാണ്.

ഇത്തവണയും മികച്ച താര നിരയുമായി ഇന്ത്യൻ സൂപ്പർ ലീഗിന് തയ്യാറെടുക്കുന്ന ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റനായ ജാവോ വിക്ടർ നിലവിൽ ലീഗിലെ ഏറ്റവും പരിചയസമ്പന്നരായ ക്യാപ്റ്റന്മാരിൽ ഒരാൾ കൂടിയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഭാഗമായതിന് ശേഷം ക്ലബ്ബിൻ്റെ രണ്ടാം സീസണിലാണ് അദ്ദേഹം ഹൈദരാബാദ് എഫ്സിയിൽ എത്തിയത്.

ക്ലബ്ബിനായി മധ്യനിരയിൽ തിളങ്ങിയ താരത്തിന് ഇക്കഴിഞ്ഞ മാസം 2 വർഷത്തെ പുതിയ കരാറാണ് ഹൈദരാബാദ് എഫ്സി നൽകിയത്. ഈ കരാർ പ്രകാരം 2023 വരെ അദ്ദേഹത്തിന് ക്ലബ്ബിൽ തുടരാൻ സാധിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 17 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ജാവോ വിക്ടർ 3 ഗോളുകളും, 2 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here