ഏഥർ എനർജി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക പങ്കാളി

0
96

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക പങ്കാളിയുടെ പ്രഖ്യാപനമെത്തി. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ക്ലബ്ബിൻ്റെ ഔദ്യോഗിക പങ്കാളിയായി ഏഥർ എനർജിയെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ക്ലബ്ബിൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്.

ഇതു തുടർച്ചയായി രണ്ടാം തവണയാണ് ഏഥർ എനർജി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക പങ്കാളിയാകുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇൻ്റലിജൻ്റ് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളാണ് ഏഥർ എനർജി. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച കമ്പനി കൂടിയാണ് ഏഥർ എനർജി.

ഏഥർ എനർജിക്ക് ഇന്ത്യയിലൊട്ടാകെ ഇരുപതിലധികം കേന്ദ്രങ്ങളുണ്ട്. ഇതു കൂടാതെ ഇരുന്നൂറിലേറെ അതിവേഗ ചാർജിംഗ് പോയിൻ്റുകളും ഏഥർ എനർജിക്കുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അതിവേഗ ചാർജിംഗ് പോയിൻ്റുകളുള്ള കമ്പനിയും ഏഥർ എനർജി തന്നെയാണ്.

ഏഥർ എനർജിയെ പോലുള്ള വമ്പൻ കമ്പനിയുമായുള്ള പങ്കാളിത്തം തുടർന്ന് പോകാൻ സാധിച്ചതിൽ കേരള ബ്ലാസ്റ്റേഴ്സ് അതീവ സന്തുഷ്ടരാണെന്ന് ടീമിൻ്റെ ഡയറക്ടറായ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനത്തിലേക്കുള്ള ചുവടു വെപ്പിൽ പ്രധാനികളാണ് ഏഥർ എനർജി. കൂടുതൽ കാലം ഈ പങ്കാളിത്തം മുന്നോട്ട് കൊണ്ടു പോകാൻ കഴിയട്ടെ എന്നും നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.

ഏഥർ എനർജിയുടെ മാർക്കറ്റിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡയറക്ടറായ നിലയ് ചന്ദ്ര പറഞ്ഞത് തുടർച്ചയായ രണ്ടാം വർഷത്തിലും കേരള ബ്ലാസ്റ്റേഴ്സ് എന്ന വലിയ ക്ലബ്ബിൻ്റെ അസോസിയേറ്റ് പാർട്ണറായി ക്ലബ്ബിന് മികച്ച പിന്തുണ നൽകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നാണ്. ഐഎസ്എൽ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗിലെ ക്ലബ്ബുമായി പങ്കാളിത്തം തുടരുക എന്നത് ചെറിയ കാര്യമല്ല.

ഫുട്ബോളിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന ആളുകളാണ് മലയാളികൾ. ഞങ്ങൾക്ക് വളരെയധികം ഉപഭോക്താക്കളെ കേരളത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കേരളം ഞങ്ങളുടെ പ്രധാന വിപണിയാണ്. ഇന്ത്യയിലെ പ്രധാന കായിക വിനോദമായി വളർന്നു കൊണ്ടിരിക്കുന്ന ഫുട്ബോളിൻ്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും നിലയ് ചന്ദ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here