കോംഗോ ദേശീയ ടീം താരത്തെ സ്വന്തമാക്കി ബെംഗളൂരു എഫ്സി

0
16

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സി പുതിയൊരു വിദേശ താരത്തെ കൂടി സ്വന്തമാക്കി. കോംഗോ ദേശീയ ടീം സ്ട്രൈക്കറായ പ്രിൻസ് ഇബാരയെയാണ് ബെംഗളൂരു എഫ്സി ടീമിലെത്തിച്ചിരിക്കുന്നത്. എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങൾ വരാനിരിക്കെയാണ് ക്ലബ്ബ് ഇത്തരത്തിൽ ഒരു സൈനിംഗ് നടത്തിയിരിക്കുന്നത്.

താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. 25 വയസ്സ് പ്രായമുള്ള ഈ താരം അവസാനമായി കളിച്ചത് ഫ്രഞ്ച് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ചാറ്റെറോക്സിന് വേണ്ടിയാണ്. ബെൽജിയൻ ടോപ് ഡിവിഷൻ ക്ലബ്ബായ ബിയർ‌ഷോട്ടിൽ നിന്ന് ലോൺ വ്യവസ്ഥയിലാണ് അദ്ദേഹം ചാറ്റെറോക്സിന് വേണ്ടി കളിച്ചത്.

ഉയരക്കാരനായ ഈ സ്ട്രൈക്കറെ 2 വർഷത്തെ കരാറിലാണ് ബെംഗളൂരു എഫ്സി സ്വന്തമാക്കിയത്. രണ്ടു വർഷത്തിനു ശേഷം വീണ്ടും ദൈർഘിപ്പിക്കാവുന്ന തരത്തിലുള്ളതാണ് കരാർ. ഈ കരാർ പ്രകാരം 2023 വരെ താരത്തിന് ബെംഗളൂരു എഫ്സിയിൽ തുടരാൻ സാധിക്കും. കോംഗോയിലെ എസിഎൻഎഫ്എഫ് എന്ന ക്ലബിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്.

പിന്നീട് ഗാബോൺ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ടോപ്പ് ഡിവിഷൻ ക്ലബുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. അതിനു ശേഷം ഖത്തർ സ്റ്റാർ ലീഗിൽ എത്തിയ താരം അവിടത്തെ ക്ലബ്ബായ അൽ വക്രയുമായി കരാർ ഒപ്പു വെച്ചു. ആദ്യ സീസണ് ശേഷം ക്ലബ്ബ് വിട്ട താരം അൾജീരിയയിലെ യു‌എസ്‌എം അൾ‌ജർ‌ എന്ന ക്ലബ്ബിൽ എത്തി.

അവിടെ ഗോളടിച്ചു കൂട്ടിയ താരം ക്ലബ്ബിനെ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. കോംഗോ തലസ്ഥാനമായ ബ്രാസ് വില്ലയിൽ ജനിച്ച താരം ഇതുവരെ കോംഗോ ദേശീയ ടീമിനായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016-ൽ മൊറോക്കോയ്ക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിലൂടെയാണ് അദ്ദേഹം കോംഗോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്.

ദേശീയ ടീമിനായി നാലു ഗോളുകൾ സ്വന്തമാക്കിയ താരം ആഫ്രിക്കൻ നാഷൻസ് കപ്പ് യോഗ്യതാ മത്സരത്തിൽ ലൈബീരിയക്ക് എതിരെയാണ് തൻ്റെ ആദ്യ ഗോൾ നേടിയത്. മികച്ച ഫിസിക്കൽ പ്ലെയറായ താരത്തിന് സെക്കൻഡ് സ്ട്രൈക്കറായും തിളങ്ങാൻ സാധിക്കും. എന്തു കൊണ്ടും ബെംഗളൂരു എഫ്സിയുടെ സിസ്റ്റത്തിന് അനുയോജ്യനായ കളിക്കാരൻ തന്നെയാണ് പ്രിൻസ് ഇബാര.

LEAVE A REPLY

Please enter your comment!
Please enter your name here