ഇമാൻ ബസാഫ ബെംഗളൂരു എഫ്സിക്ക് സ്വന്തം

0
110

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സി ഇറാൻ മധ്യനിര താരമായ ഇമാൻ ബസാഫയെ ടീമിലെത്തിച്ചു. 29 വയസ്സ് പ്രായമുള്ള ഇമാൻ ബസാഫ ക്ലബ്ബുമായി ഒരു വർഷത്തെ കരാറാണ് ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാർ പ്രകാരം 2021-22 സീസൺ അവസാനിക്കുന്നത് വരെ താരത്തിന് ടീമിൽ തുടരാൻ സാധിക്കും.

പേർഷ്യൻ പ്രോ ലീഗ് ക്ലബ്ബായ മെഷീൻ സാസിയ്ക്ക് വേണ്ടിയാണ് താരം അവസാനമായി കളത്തിലിറങ്ങിയത്. ബെംഗളൂരു എഫ്സി ഇത്തവണ ടീമിലെത്തിക്കുന്ന പത്താമത്തെ താരമാണ് ഇമാൻ ബസാഫ. ഇറാൻ്റെ അണ്ടർ-17, അണ്ടർ-20, അണ്ടർ-23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിന് പക്ഷേ ഇറാൻ സീനിയർ ടീമിൽ അവസരം ലഭിച്ചിട്ടില്ല.

ബെംഗളൂരു എഫ്സിയുടെ ഭാഗമായതിലും, ഇന്ത്യയെപ്പോലെ ഫുട്ബോൾ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിലേക്ക് വരുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ഇമാൻ ബസാഫ പറഞ്ഞു. ബെംഗളൂരു എഫ്സി ഒരു ചാമ്പ്യൻ ക്ലബ്ബാണെന്നും, ക്ലബ്ബിലെ തൻ്റെ സഹതാരങ്ങളെ കാണാൻ ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷഹർദാരി ബന്ദർ അബ്ബാസ് എന്ന ക്ലബ്ബിലൂടെയാണ് ഇമാൻ ബസാഫ തൻ്റെ യൂത്ത് കരിയർ ആരംഭിച്ചത്. യൂത്ത് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ബസാഫ അവിടെ മികച്ച പ്രകടനമാണ് നടത്തിയത്. തുടർന്ന് 2012-ൽ ക്ലബ്ബ് അദ്ദേഹത്തിന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി. അങ്ങനെ അദ്ദേഹം കളി പഠിച്ച ക്ലബ്ബിലൂടെ തന്നെ ബസാഫ തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചു.

ബസാഫ എസ്തെഗ്ലാൽ ക്ലബ്ബിൽ എത്തിയത് 2013-ലാണ്. അവിടെ എത്തി ഒരു വർഷത്തിന് ശേഷം അദ്ദേഹം എഎഫ്സി ചാമ്പ്യൻസ് ലീഗിലും കളത്തിലിറങ്ങി. ഇറാനിയൻ പ്രോ ലീഗിൽ 100-ലേറെ മത്സരങ്ങൾ കളിച്ച ബസാഫ പിന്നീട് ഫജർ സെപസി ഷിറാസ്, മാളവൻ, അലുമിനിയം അറക്ക്, പാർസ് ജോനൗബി ജാം തുടങ്ങിയ മികച്ച ടീമുകളുടെ ഭാഗമായിട്ടുണ്ട്.

ഇറാൻ ടോപ് ഡിവിഷനിൽ കളിച്ചിട്ടുള്ള താരം ആദ്യമായാണ് സ്വന്തം രാജ്യം വിട്ട് മറ്റൊരു ക്ലബ്ബിനായി ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. മികച്ച ടെക്നിക്കൽ മികവും, ലീഡർ ക്വാളിറ്റിയുമുള്ള ബസാഫയുടെ സാന്നിധ്യം ബെംഗളൂരു എഫ്സിയുടെ മധ്യനിരയ്ക്ക് കൂടുതൽ ആഴവും, പരപ്പും നൽകും. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണിൽ ക്ലബ്ബിൻ്റെ ആദ്യത്തെ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here