ബ്രൈറ്റ് ഇനോബക്കാരെ ഐഎസ്എല്ലിൽ തിരിച്ചെത്തിയേക്കും

0
119

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ സോളോ ഗോൾ നേടി ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നൈജീരിയൻ വംശജനായ ബ്രൈറ്റ് ഇനോബക്കാരെ. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ നടന്ന മത്സരത്തിൽ അവരുടെ 4 പ്രതിരോധ താരങ്ങളെ മറികടന്നാണ് ബ്രൈറ്റ് ഇനോബക്കാരെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ഒരു വർഷത്തെ കരാറിലാണ് ബ്രൈറ്റ് ഇനോബക്കാരെ ഈസ്റ്റ് ബംഗാളിൽ എത്തിയത്. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പോയിൻ്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായാണ് അവർ സീസൺ അവസാനിപ്പിച്ചത്. പക്ഷേ വ്യക്തിഗത പ്രകടനം കൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയ താരമാണ് ബ്രൈറ്റ് ഇനോബക്കാരെ.

ഇത്തവണ മുഖ്യ സ്പോൺസറുമായുള്ള ചില അഭിപ്രായ ഭിന്നതകളെ തുടർന്ന് അവൻസാന നിമിഷമാണ് അവർക്ക് ഇന്ത്യൻ സൂപ്പർ ലീഗ് പ്രവേശനം സാധ്യമായത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈസ്റ്റ് ബംഗാൾ പല താരങ്ങളെയും ടീമിൽ എത്തിച്ചത്. പക്ഷേ മികച്ച താരങ്ങളെ തന്നെ ഇത്തവണ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി നൈജീരിയൻ താരം ബ്രൈറ്റ് ഇനോബക്കാരെ തിരിച്ചു കൊണ്ടു വരാനാണ് അവർ ശ്രമിക്കുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാകും ഈ താരത്തെ ഈസ്റ്റ് ബംഗാൾ ടീമിൽ എത്തിക്കുക. ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബായ കോവെൻട്രി സിറ്റിയിലാണ് അദ്ദേഹം കളിയ്ക്കുന്നത്. 2023 വരെ നീണ്ടു നിൽക്കുന്ന കരാറാണ് താരത്തിന് ക്ലബ്ബുമായുള്ളത്.

ഇതു വരെ അഞ്ച് വിദേശ താരങ്ങളെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. അവസാന സൈനിംഗായി ഒരു പക്ഷേ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ താരത്തെ തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഐഎസ്എല്ലിൽ കഴിഞ്ഞ വർഷം 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 3 ഗോളുകളും, 1 അസിസ്റ്റുമാണ് സ്വന്തമാക്കിയത്. 4 ഇൻ്റർസെപ്ക്ഷനുകളും താരം നടത്തിയിട്ടുണ്ട്.

നൈജീരിയയുടെ അണ്ടർ-23 ടീമിന് വേണ്ടി 2 മത്സരങ്ങളിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്. പ്രീമിയർ ലീഗ് വമ്പന്മാരായ വൂൾവെർഹാംപ്ടണിൻ്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരം ക്ലബ്ബിൻ്റെ സീനിയർ ടീമിലൂടെ 2015-ലാണ് തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് ഇംഗ്ലണ്ടിലെ വിവിധ ടീമുകൾക്ക് വേണ്ടി കളിച്ച താരം ഐഎസ്എല്ലിലൂടെയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here