ഏഷ്യൻ സൈനിംഗ് പൂർത്തിയാക്കി ഈസ്റ്റ് ബംഗാൾ

0
97

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാൾ അവരുടെ ഏഷ്യൻ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയൻ എ ലീഗ് ക്ലബ്ബായ പെർത്ത് ഗ്ലോറിയുടെ ഓസ്ട്രേലിയൻ പ്രതിരോധ താരം ടോമിസ്ലാവ് മർസേലയെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. താരത്തിൻ്റെ സൈനിംഗ് സോഷ്യൽ മീഡിയ പേജുകളിലൂടെ ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി പുറത്തു വിട്ടു.

ഇത്തവണ ഈസ്റ്റ് ബംഗാൾ ടീമിൽ എത്തിച്ചിരിക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് ടോമിസ്ലാവ് മർസേല. നേരത്തെ സ്ലോവേനിയൻ മധ്യനിര താരമായ അമിർ ഡെർസെവിക്കിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു. ഏരിയൽ ബോളുകളിൽ അപകടകാരിയായി മാറുന്ന താരമാണ് ടോമിസ്ലാവ് മർസേല. ഉയരക്കാരനായ താരം ഓസ്ട്രേലിയൻ എ ലീഗിൽ ഹെഡർ ഗോളുകളും നേടിയിട്ടുണ്ട്.

2018-ലാണ് ടോമിസ്ലാവ് മർസേല പെർത്ത് ഗ്ലോറിയിൽ എത്തുന്നത്. അന്ന് ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പു വെച്ചിരുന്നത്. ക്ലബ്ബിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം പെർത്ത് ഗ്ലോറിയ്ക്കൊപ്പം എ ലീഗ് പ്രീമിയർഷിപ്പ് കിരീട നേട്ടത്തിലും പങ്കാളിയായിട്ടുണ്ട്. ക്ലബ്ബിൻ്റെ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരമായിരുന്നു ടോമിസ്ലാവ് മർസേല.

ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പു വെച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നാണ് ടോമിസ്ലാവ് മർസേല പറഞ്ഞത്. എൻ്റെ സുഹൃത്തുക്കളിൽ പലരും ഇന്ത്യയിൽ കളിച്ചിട്ടുണ്ടെന്നും അവരിലൂടെ ക്ലബ്ബിനെ കുറിച്ച് പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു. ഈസ്റ്റ് ബംഗാളിന് വേണ്ടി കളത്തിലിറങ്ങാൻ ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയിൽ ജനിച്ച ടോമിസ്ലാവ് മർസേല വളർന്നു വന്നത് ക്രൊയേഷ്യയിലാണ്. അവിടെ ആർഎൻകെ സ്പ്ലിറ്റ് എന്ന ക്ലബ്ബിൻ്റെ അക്കാദമിയിലൂടെയാണ് താരം കളി പഠിച്ചത്. പിന്നീട് ക്ലബ്ബിൻ്റെ സീനിയർ ടീമിലേക്ക് എത്തിയ താരം നീണ്ട 5 വർഷത്തോളം അവരുടെ ഭാഗമായിരുന്നു. പിന്നീട് ജദ്രൻ കാസ്റ്റൽ എന്ന ക്രൊയേഷ്യൻ മൂന്നാം ഡിവിഷൻ ക്ലബ്ബിനു വേണ്ടിയാണ് താരം കളിച്ചത്.

തൊട്ടടുത്ത വർഷം എൻകെ ഇമോട്സ്കി എന്ന ക്ലബ്ബിൽ എത്തിയതോടെയാണ് താരത്തിന് ആദ്യ ഇലവനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്. അന്ന് വെറും 20 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. 2013-ൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ എൻകെ ഡ്രാഗോവോൾജാക്കിൽ എത്തിയ താരം പിന്നീടുള്ള വർഷങ്ങളിൽ ക്രൊയേഷ്യയിലെ വിവിധ ടോപ് ഡിവിഷൻ ക്ലബുകൾക്ക് വേണ്ടി കളി തുടർന്നു.

2018-ൽ പെർത്ത് ഗ്ലോറിയിലൂടെ ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയ താരം അതേ വർഷം കിർഗിസ്ഥാന് എതിരെ നടന്ന ഓസ്ട്രേലിയയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള 23 അംഗ സ്ക്വാഡിലും ഇടം പിടിച്ചിരുന്നു. ടോപ് ഡിവിഷൻ ലീഗുകളിൽ കളിച്ച ഈ താരത്തിന് ഈസ്റ്റ് ബംഗാൾ പ്രതിരോധ നിരയ്ക്ക് വേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന് അറിയാൻ നമുക്ക് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here