പ്രീ സീസൺ മത്സരങ്ങളിൽ ഹാട്രിക് ജയത്തോടെ ഈസ്റ്റ് ബംഗാൾ

0
105

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഗോവയിൽ മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഗോവയിൽ വെച്ച് 3 പ്രീ സീസൺ മത്സരങ്ങളാണ് ഈസ്റ്റ് ബംഗാൾ നടത്തിയത്. ആദ്യ മത്സരത്തിൽ വാസ്കോ ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാൾ രണ്ടാം മത്സരത്തിൽ സാൽഗോക്കറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.

അവസാന മത്സരത്തിൽ നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിയെ നേരിട്ട ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. വരാനിക്കുന്ന സീസണിൽ പുതിയ പരിശീലകനും, പുതിയ താരങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ വർഷം ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയ ക്ലബ്ബ് ദയനീയമായി തകർന്നടിയുകയായിരുന്നു.

അന്ന് ഇംഗ്ലീഷ് പരിശീലകനായ റോബി ഫൗളറാണ് ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിച്ചത്. 2020-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ക്ലബ്ബ് മൊത്തം 20 മത്സരങ്ങളാണ് കളിച്ചത്. പക്ഷേ വെറും 3 മത്സരങ്ങളിൽ മാത്രമാണ് അവർക്ക് വിജയം നേടാൻ സാധിച്ചത്. ബാക്കിയുള്ള മത്സരങ്ങളിൽ 8 സമനിലയും, 9 തോൽവിയുമായിരുന്നു അവരുടെ സമ്പാദ്യം.

അരങ്ങേറ്റ മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിട്ട ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി 6 മത്സരങ്ങളിൽ അവർക്ക് വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഏഴാമത്തെ മത്സരത്തിൽ ഒഡിഷ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ ആദ്യ ജയം സ്വന്തമാക്കിയത്‌.

തുടർന്നുള്ള 13 മത്സരങ്ങളിൽ 2 ജയം മാത്രമാണ് ഈസ്റ്റ് ബംഗാളിന് നേടാൻ കഴിഞ്ഞത്. ബെംഗളൂരു എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനും, ജംഷെഡ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം നേടിയത്. മികച്ച വിദേശ താരങ്ങൾ തന്നെയാണ് ഈസ്റ്റ് ബംഗാൾ നിരയിൽ ഉണ്ടായിരുന്നത്.

പക്ഷേ ഇന്ത്യൻ താരങ്ങളുടെ ക്വാളിറ്റി അതീവ ദയനീയമായിരുന്നു. അവസാന നിമിഷമാണ് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയത്. അതു കൊണ്ട് തന്നെ മികച്ച ഇന്ത്യൻ താരങ്ങളെ അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണയും സമാനമായ രീതിയിലാണ് അവർ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കിയത്. പക്ഷേ പ്രീ സീസൺ മത്സരങ്ങളിലെ ഹാട്രിക് ജയങ്ങൾ അവർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here