ഏഴ് താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ഈസ്റ്റ് ബംഗാൾ

0
85

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാൾ ടീം ക്യാമ്പിൽ നിന്ന് ഏഴു താരങ്ങളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് പരിശീലകനായ മനോലോ ഡയാസിന് കീഴിൽ ഗോവയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.

കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സമാനമായി ഇത്തവണയും ഏറെ ദിവസങ്ങൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസണിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്. ടീമിൻ്റെ മുഖ്യ സ്പോൺസർമാരായ ശ്രീ സിമൻ്റുമായി നിലനിന്നിരുന്ന ചില പ്രശ്നങ്ങൾ കാരണമാണ് ഈസ്റ്റ് ബംഗാൾ വാർത്തയിൽ ഇടം പിടിച്ചത്.

എന്നാൽ അവസാന നിമിഷം ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി ഇടപെട്ടതിനെ തുടർന്ന് പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണുകയും ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റു ടീമുകളെ അപേക്ഷിച്ച് ഇത്തവണയും ഈസ്റ്റ് ബംഗാൾ അവസാന നിമിഷമാണ് താരങ്ങളെ സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന മുഴുവൻ വിദേശ താരങ്ങളും ടീം വിട്ടപ്പോൾ, ചില ഇന്ത്യൻ താരങ്ങൾ മറ്റു ടീമുകളിലേക്ക് ചേക്കേറിയിരുന്നു. അതിനു ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ടീമിൻ്റെ മുഖ്യ പരിശീലകനായ റോബി ഫൗളറുമായി വഴി പിരിയുന്ന കാര്യം ഈസ്റ്റ് ബംഗാൾ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടത്.

ഈ പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ തന്നെ ടീമിൻ്റെ പുതിയ പരിശീലകനായി സ്പാനിഷ് വംശജനായ മനോലോ ഡയാസ് ചുമതല ഏറ്റെടുത്തതായുള്ള പ്രഖ്യാപനവും വന്നു. ഏഷ്യൻ താരം ഉൾപ്പെടെ ടീമിലെ 7 വിദേശ താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായാണ് കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. പുതിയ പരിശീലകന് കീഴിൽ ഈ താരങ്ങൾ എത്രത്തോളം മികവ് പുറത്തെടുക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും ഈ സീസണിൽ ക്ലബ്ബിൻ്റെ മുന്നോട്ടുള്ള പ്രയാണം.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഈസ്റ്റ് ബംഗാൾ ടീമിലേക്ക് പുതിയ ഇന്ത്യൻ താരങ്ങളെ എത്തിച്ചത്. ഇതിലേറെ താരങ്ങളേയും ലോൺ വ്യവസ്ഥയിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.

നിലവിൽ മുഴുവൻ ടീം അംഗങ്ങളോടൊപ്പം ഗോവയിൽ പരിശീലനം നടത്തുന്ന ഈസ്റ്റ് ബംഗാൾ ഐഎസ്എൽ സ്ക്വാഡിലേക്കുള്ള ടീമിൽ നിന്ന് 7 താരങ്ങളെ പുറത്താക്കാൻ ഒരുങ്ങുകയാണ്. ഈ താരങ്ങൾ ആരൊക്കെയാണ് എന്നതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ പുറത്തു വരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here