നൈജീരിയൻ സ്ട്രൈക്കറെ സ്വന്തമാക്കാനൊരുങ്ങി ഈസ്റ്റ് ബംഗാൾ

0
62

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാൾ ഒരു മുന്നേറ്റ താരത്തെ
ടീമിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഡാനിയൽ ചിമ എന്ന നൈജീരിയൻ മുന്നേറ്റ താരത്തെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 30 വയസ്സ് പ്രായമുള്ള താരം അവസാനമായി കളിച്ചത് തൈസോ യുവാണ്ട എഫ്സി എന്ന ക്ലബ്ബിനു വേണ്ടിയാണ്.

അവിടെ 13 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. തൻ്റെ ക്ലബ്ബ് കരിയറിൽ മൊത്തം 262 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 135 ഗോൾ കോൺട്രിബ്യൂഷനാണ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ഇതിൽ 91 ഗോളുകളും, 44 അസിസ്റ്റുകളുമുണ്ട്. ഡാനിയൽ ചിമയ്ക്ക് ലോക ഫുട്ബോളിലെ വമ്പൻ ടൂർണമെൻ്റുകളിൽ കളിച്ചുള്ള അനുഭവസമ്പത്തുണ്ട്.

യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ്, പോളിഷ് ലീഗ്, ചൈനീസ് സൂപ്പർ ലീഗ് തുടങ്ങിയ ലീഗുകളിൽ അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. യുവാണ്ട എഫ്സിയുമായുള്ള കരാർ കാലാവധി കഴിഞ്ഞ താരം 2021 മാർച്ച് മുതൽ ഫ്രീ ഏജൻ്റായിരുന്നു. ഡാനിയൽ ചിമ പ്രധാനമായും സ്ട്രൈക്കർ പൊസിഷനിലാണ് കളിക്കുന്നത്. പക്ഷേ വിങ്ങർ പൊസിഷനിലും അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്.

നൈജീരിയയിലെ കാനോ പട്ടണത്തിൽ ജനിച്ച താരം 2010-ൽ നോർവീജിയൻ മൂന്നാം ഡിവിഷൻ ക്ലബ്ബായ ലിന്നിലൂടെയാണ് തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. അരങ്ങേറ്റ സീസണിൽ തന്നെ 11 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകളും സ്വന്തമാക്കി. താരത്തിൻ്റെ പ്രകടന മികവിൽ ആകൃഷ്ടരായ നോർവീജിയൻ ടോപ്പ് ഡിവിഷൻ ക്ലബ്ബ് മോൾഡ് എഫ്കെ ഡാനിയൽ ചിമയെ സ്വന്തമാക്കി.

പിന്നീടങ്ങോട്ട് തുടർച്ചയായ 5 വർഷത്തോളം അദ്ദേഹം ക്ലബ്ബിൻ്റെ ഭാഗമായിരുന്നു. ക്ലബ്ബിന് വേണ്ടി 107 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 31 ഗോളുകളാണ് സ്വന്തമാക്കിയത്. 2015-ൽ നോർവെ വിട്ട താരം എത്തിച്ചേർന്നത് ചൈനയിലാണ്. അവിടെ ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബായ ഷാങ്ഹായ് ഷെൻക്സിൻ എഫ്സിയുമായി താരം കരാർ ഒപ്പു വെച്ചു.

അവിടെ 2 വർഷത്തോളം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത താരം 21 ഗോളുകളാണ് അടിച്ചു കൂട്ടിയത്. പിന്നീട് പോളിഷ് ലീഗ് ക്ലബ്ബായ ലീജിയക്ക് വേണ്ടിയും പന്തു തട്ടിയ ഡാനിയൽ ചിമ 2018-ൽ തൻ്റെ പഴയ ക്ലബ്ബായ മോൾഡ് എഫ്കെയ്ക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങിയിരുന്നു. തുടർന്നുള്ള രണ്ടു വർഷത്തോളം ചൈനീസ് സൂപ്പർ ലീഗിലാണ് അദേഹം കളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here