ക്രൊയേഷ്യൻ താരം ഫ്രാൻജോ പ്രിസ് ഈസ്റ്റ് ബംഗാളിൽ

0
85

സ്പാനിഷ് പരിശീലകനായ മനോലോ ഡയാസിന് കീഴിൽ പുത്തൻ താര നിരയുമായി ഇന്ത്യൻ സൂപ്പർ ലീഗിനൊരുങ്ങുന്ന ഈസ്റ്റ് ബംഗാൾ പ്രതിരോധ നിരയ്ക്ക് കരുത്ത് പകരാൻ ഒരു ക്രൊയേഷ്യൻ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. 25 വയസ്സ് പ്രായമുള്ള ഫ്രാൻജോ പ്രിസ് ആയിരിക്കും ഇനി ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന് കൂടുതൽ കരുത്ത് പകരുക.

താരത്തിൻ്റെ സൈനിംഗ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ലബ്ബുമായി ഒരു വർഷത്തെ കരാറാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്. ഇറ്റാലിയൻ ടോപ് ഡിവിഷൻ ക്ലബ്ബായ ലാസിയോയുടെ മുൻ താരം കൂടിയാണ് ഫ്രാൻജോ പ്രിസ്. ക്രൊയേഷ്യൻ ക്ലബ്ബായ എൻകെ സ്ലാവൻ ബെലുപോയിൽ നിന്നാണ് അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്.

ഇത്തവണ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ഫ്രാൻജോ പ്രിസ്. സ്ലൊവേനിയൻ മധ്യനിര താരമായ അമിർ ഡെർവിസെവിച്ച്, ഓസ്ട്രേലിയൻ പ്രതിരോധ താരമായ ടോമിസ്ലാവ് മർസേല എന്നിവരെ വരെ ഈസ്റ്റ് ബംഗാൾ നേരത്തെ തന്നെ ടീമിൽ എത്തിച്ചിരുന്നു. ഇറ്റാലിയൻ സീരി എ ക്ലബ്ബായ ലാസിയോയുടെ യൂത്ത് ടീമിലൂടെയാണ് ഫ്രാൻജോ പ്രിസ് വളർന്നു വന്നത്.

ക്ലബ്ബിൻ്റെ യൂത്ത് ടീമിൽ നിന്ന് 2016-ലാണ് അദ്ദേഹത്തിന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ ടോറിനോയ്ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് ഫ്രാൻജോ പ്രിസ് അരങ്ങേറ്റം കുറിച്ചത്. 2018 വരെ അദ്ദേഹം ലാസിയോയുടെ ഭാഗമായിരുന്നു. പക്ഷേ അദ്ദേഹത്തിന് ക്ലബ്ബിനായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല.

കാരണം ക്ലബ്ബുമായി കരാർ നിലനിൽക്കെ അദ്ദേഹത്തെ ലാസിയോ മറ്റു ക്ലബ്ബുകളിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ഈ കാലയളവിൽ ബ്രെസിയ, യുഎസ് സലെർനിറ്റാന തുടങ്ങിയ ക്ലബ്ബുകളിലാണ് താരം കളിച്ചത്. ഫ്രാൻജോ പ്രിസ് ജനിച്ചത് ബോസ്നിയയിൽ ആണെങ്കിലും തൻ്റെ ഒമ്പതാം വയസ്സു മുതൽ അദ്ദേഹം വളർന്നത് ക്രൊയേഷ്യയിലെ സ്പ്ലിറ്റ് പട്ടണത്തിലാണ്.

ഫ്രാൻജോ പ്രിസ് ലാസിയോയിൽ ആയിരുന്നപ്പോൾ ജർമ്മൻ ഗോൾ മെഷീൻ മിറോസ്ലാവ് ക്ലോസെ, ഇറ്റാലിയൻ താരം സിറോ ഇമ്മൊബൈൽ എന്നിവർ ടീമിലെ സഹതാരങ്ങളായിരുന്നു. പിന്നീട് യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും പന്ത് തട്ടിയ ഫ്രാൻജോ പ്രിസ് ക്രൊയേഷ്യയുടെ യൂത്ത് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ താരത്തിൻ്റെ വരവോടെ പരിചയസമ്പന്നരായ 2 വിദേശ താരങ്ങളുടെ സേവനമാണ് ഈസ്റ്റ് ബംഗാളിന് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here