നെതർലാൻഡ്സ് യുവ താരത്തെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ

0
84

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണിൽ ഈസ്റ്റ് ബംഗാൾ മധ്യനിരയിൽ നമുക്ക് ഒരു നെതർലാൻഡ്സ് യുവ താരത്തെ കാണാൻ സാധിക്കും. വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഡാരൻ സിഡോയൽ എന്ന താരത്തെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. ഇത്തവണ ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കുന്ന അഞ്ചാമത്തെ വിദേശ താരമാണ് ഡാരൻ സിഡോയൽ.

ഒരു വർഷത്തെ കരാറിലാണ് ഡാരൻ ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. ഡാരൻ പ്രധാനമായും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറാണെങ്കിലും സെൻ്റർ ബാക്ക് പൊസിഷനിലും താരത്തിന് കളിയ്ക്കാൻ സാധിക്കും. അതു കൊണ്ട് തന്നെ ഒരു യൂട്ടിലിറ്റി പ്ലെയർ സൈനിംഗ് എന്നു തന്നെ നമുക്ക് ഇദ്ദേഹത്തിൻ്റെ വരവിനെ വിശേഷിപ്പിക്കാം.

ഡച്ച് ലീഗ് വമ്പന്മാരായ അയാക്സിൻ്റെ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് ഡാരൻ. അയാക്സ് അണ്ടർ-17, അണ്ടർ-19 ടീമുകൾക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ കോർഡോബയിൽ നിന്നാണ് അദ്ദേഹം ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഹെർക്കുലീസ് ക്ലബ്ബിൽ ലോൺ വ്യവസ്ഥയിലാണ് താരം കളിച്ചത്.

2016-ൽ അയാക്സ് റിസർവ് ടീമിലൂടെയാണ് ഡാരൻ തൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ ആരംഭിച്ചത്. അയാക്സ് റിസർവ് ടീമിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച താരം 1 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു വർഷത്തിന് ശേഷം അദ്ദേഹം ഇംഗ്ലീഷ് സെക്കൻഡ് ഡിവിഷൻ ക്ലബായ റീഡിംഗിൽ എത്തുകയായിരുന്നു.

പക്ഷേ റീഡിംഗിനായി താരത്തിന് ഒരു മത്സരം പോലും കളിയ്ക്കാനുള്ള അവസരം ലഭിച്ചില്ല. ക്ലബ്ബുമായി കരാർ ഒപ്പു വെച്ച ശേഷം ആദ്യ സീസണിൽ തന്നെ അദ്ദേഹം ബെൽജിയൻ ക്ലബ്ബായ റോസെലെയറിലേക്ക് ലോൺ വ്യവസ്ഥയിൽ പോവുകയായിരുന്നു. അവിടെ 11 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്.

പിന്നീട് ബൾഗേറിയൻ ടോപ് ഡിവിഷൻ ക്ലബ്ബായ അർദ കർദ്ദലിയിൽ എത്തിയ ഡാരൻ 16 മത്സരങ്ങളിൽ ബൂട്ട് കെട്ടി. ക്ലബ്ബുമായുള്ള കരാർ കാലാവധി അവസാനിച്ച ശേഷം അദ്ദേഹം സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ കോർഡോബയിൽ എത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലോൺ വ്യവസ്ഥയിൽ ഹെർക്കുലീസിന് വേണ്ടി കളിച്ച താരം ഫ്രീ ട്രാൻസ്ഫറിലാണ് ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here