ഗ്ലാൻ മാർട്ടിൻസിന് 3 വർഷത്തെ പുതിയ കരാർ നൽകി എഫ്സി ഗോവ!

0
137
Image Credits | Glan Martins FB PAGE

എടികെ മോഹൻ ബഗാനിൽ നിന്ന് ഇത്തവണ എഫ്സി ഗോവയിൽ എത്തിയ താരമാണ് ഗ്ലാൻ മാർട്ടിൻസ്. എടികെ മോഹൻ ബഗാനിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന താരം എഫ്സി ഗോവയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ അദ്ദേഹത്തിന് ഇപ്പോൾ 3 വർഷത്തെ പുതിയ കരാർ നൽകിയിരിക്കുകയാണ് എഫ്സി ഗോവ.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഈ കരാർ പ്രകാരം അദ്ദേഹത്തിന് 2024 വരെ എഫ്സി ഗോവയിൽ തുടരാൻ സാധിക്കും. എടികെ മോഹൻ ബഗാനിൽ നിന്ന് ഗ്ലാൻ മാർട്ടിൻസ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എഫ്സി ഗോവയിൽ എത്തിയപ്പോൾ ഗോവയിൽ നിന്ന് ലെന്നി റോഡ്രിഗസ് എടികെ മോഹൻ ബഗാനിലേക്ക് പോയിരുന്നു.

ഈ രണ്ടു താരങ്ങളും നിലവിലുണ്ടായിരുന്ന കരാർ റദ്ദു ചെയ്താണ് പുതിയ ക്ലബ്ബുകളിലേക്ക് ചേക്കേറിയത്. നിലവിലുള്ള ക്ലബ്ബുകളിൽ ഇരു താരങ്ങൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും, കരാർ പുതുക്കുകയും ചെയ്തു. പുതിയ കരാർ പ്രകാരം ലെന്നി റോഡ്രിഗസ് 2023 വരെ എടികെ മോഹൻ ബഗാനിൽ തുടരും.

എഫ്സി ഗോവയിലെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ടീമുമായി ഇണങ്ങിച്ചേർന്ന് മികച്ച പ്രകടനം നടത്തിയ താരമാണ് ഗ്ലാൻ മാർട്ടിൻസ്. അതു കൊണ്ടു തന്നെ ഈ താരത്തിന് ദീർഘകാല കരാർ നൽകിയത് എന്തു കൊണ്ടും എഫ്സി ഗോവയ്ക്ക് ഗുണകരമാണ്. ലോങ്ങ് റേഞ്ചർ ഗോളുകൾ നേടാനുള്ള കഴിവും ഗ്ലാൻ മാർട്ടിൻസിനെ വ്യത്യസ്തനാകുന്നു.

സ്പോർട്ടിംഗ് ക്ലബ്ബ് ഗോവയുടെ മുൻ താരമായ ഗ്ലാൻ മാർട്ടിൻസ് ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാന് വേണ്ടി 7 മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. പക്ഷേ അതിൽ 3 മത്സരങ്ങളിലാണ് താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചത്. എന്നാൽ എഫ്സി ഗോവയിൽ എത്തിയപ്പോൾ തന്നെ താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

എഫ്സി ഗോവയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ 8 മത്സരങ്ങളിലും അദ്ദേഹത്തിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചു. പ്ലേ ഓഫിലെ അതീവ നിർണായകമായ രണ്ടു മത്സരങ്ങളിലും പരിശീലകൻ അദ്ദേഹത്തിന് അവസരം നൽകി. പ്ലേ ഓഫ് മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്സി ഗോവ മുംബൈ സിറ്റിയോട് പരാജയപ്പെടുകയായിരുന്നു.

മത്സരത്തിൽ സഡൻ ഡെത്തിലെ ഒരു പെനാൽറ്റി കിക്ക് ഗ്ലാൻ മാർട്ടിൻസ് നഷ്ടപ്പെടുത്തിയിരുന്നു. എങ്കിലും കളിച്ച മത്സരങ്ങളിലെല്ലാം തന്നെ മിന്നും പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഇതു തന്നെയാണ് ഈ താരത്തിന് പുതിയ കരാർ നൽകുന്നതിലേക്ക് എഫ്സി ഗോവയെ നയിച്ചത്. മധ്യനിരയിൽ അദ്ദേഹത്തിൻ്റെ പ്രകടനം എഫ്സി ഗോവ പരിശീലകൻ്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മുംബൈ സിറ്റി എഫ്സിക്ക് എതിരെ ഗ്ലാൻ മാർട്ടിൻസ് നേടിയ ലോങ്ങ് റേഞ്ചർ ഗോൾ ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്. അദ്ദേഹം എഫ്സി ഗോവയിൽ കാഴ്ച വെച്ച പ്രകടനം ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളെയും ആകർഷിച്ചിരുന്നു. എന്നാൽ മറ്റ് ഓഫറുകൾ വേണ്ടെന്നു വെച്ച താരം എഫ്സി ഗോവയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here