കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഐസ്‌ലാന്റ് താരം !

0
2818
Goodjohn Baldwinson

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഒരേയൊരു ഐസ്‌ലാന്റ് താരമാണ് ഗുഡ്ജോൺ ബാല്‍ഡ്‌വിന്‍സണ്‍. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നാലാം സീസണിലാണ് ഗുഡ്ജോൺ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഐസ്‌ലാന്റ് വംശജനായ താരം ഐസ്‌ലാന്റ് ടോപ്പ് ഡിവിഷൻ ക്ലബ്ബായ സ്ജർനാനിലൂടെയാണ് തൻ്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.

തൻ്റെ ചെറുപ്പ കാലത്തു തന്നെ ഒരു ഫുട്ബോൾ താരം ആകണമെന്ന ആഗ്രഹത്താൽ കാൽപ്പന്ത് കളി ജീവ വായുവായ് കണ്ട താരമാണ് ഗുഡ്ജോൺ ബാല്‍ഡ്‌വിന്‍സണ്‍. സ്ജർനാൻ എന്ന ക്ലബ്ബിൻ്റെ അക്കാദമിയിൽ എത്തിയ താരം തൻ്റെ കഠിനാധ്വാനത്താൽ അക്കാദമിയിലെ മികച്ച താരമായ് വളർന്നു. അദ്ദേഹത്തിൻ്റെ പ്രതിഭ തിരിച്ചറിഞ്ഞ ക്ലബ്ബ് അധികം വൈകാതെ താരത്തെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തു.

Goodjohn Baldwinson Image Credits | Facebook

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

2003-ൽ ആണ് ക്ലബ്ബിനു വേണ്ടി ഐസ്‌ലാന്റ് ടോപ്പ് ഡിവിഷനിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. ഒരു യുവതാരം ആയിരുന്നതിനാൽ ആദ്യ സീസണിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ കളത്തിലിറങ്ങിയപ്പോഴെല്ലാം ഏവരുടെയും ശ്രദ്ധയാകർഷിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. തൊട്ടടുത്ത വർഷം അദ്ദേഹത്തിന് ടീമിൽ മികച്ച അവസരങ്ങൾ തന്നെ ലഭിച്ചു.

ഒരു പകരക്കാരനിൽ നിന്ന് ടീമിലെ പ്രധാന താരമായ് അദ്ദേഹം വളർന്നു. ഗോളുകൾ നേടിയും, ഗോളുകൾ അടിപ്പിച്ചും മികച്ച പ്രകടനം തന്നെ താരം നടത്തി. തുടർച്ചയായ നാലു വർഷത്തോളം ക്ലബ്ബിൻ്റെ ഭാഗമായ താരം 66 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയാണ് ക്ലബ്ബിനോട് വിട പറഞ്ഞത്. പിന്നീട് ഐസ്‌ലാൻ്റിലെ മറ്റൊരു ക്ലബ്ബായ റെയ്ജാവാകൂർ അദ്ദേഹത്തെ ടീമിൽ എത്തിച്ചു.

Goodjohn Baldwinson Image Credits | Facebook

അവിടെയും തൻ്റെ പ്രകടന മികവ് തുടർന്ന താരം 21 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് നേടിയത്. പിന്നീട് ഐസ്‌ലാന്റ് വിട്ട താരം സ്വീഡനിലേക്കാണ് പോയത്. അവിടെ ഗെയ്സ് എന്ന ഫുട്ബോൾ ക്ലബ്ബിൽ ആണ് അദ്ദേഹം എത്തിയത്. പക്ഷേ ക്ലബ്ബിൽ അധികം അവസരങ്ങൾ അദ്ദേഹത്തിനു ലഭിച്ചില്ല. സീസണിൽ വെറും അഞ്ച് മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്.

അതിനു ശേഷം ഐസ്‌ലാൻ്റിലേക്ക് മടങ്ങിപ്പോയ താരം തൻ്റെ മുൻ ക്ലബ്ബായ റെയ്ജാവാകൂറിൽ തിരിച്ചെത്തി. ഒരു വർഷം ക്ലബ്ബിനോടൊപ്പം തുടർന്ന താരം തൻ്റെ പഴയ മികവിലേക്ക് തിരിച്ചെത്തി. 33 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് അദ്ദേഹം നേടിയത്. പിന്നീടുള്ള മൂന്നു വർഷങ്ങൾ ഐസ്‌ലാൻ്റിന് പുറത്താണ് അദ്ദേഹം കളിച്ചത്. സ്വീഡനിലെയും, ഡെന്മാർക്കിലെയും ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം 2015-ൽ ഐസ്‌ലാൻ്റിലേക്ക് തിരിച്ചെത്തി.

പിന്നീട് തുടർച്ചയായ മൂന്നു വർഷം ഐസ്‌ലാൻ്റ് ക്ലബ്ബായ സ്ജർനാനിലാണ് അദ്ദേഹം കളിച്ചത്. 49 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളുമായ് തിളങ്ങി നിന്ന താരത്തെ 2018-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ലോണിൽ സ്വന്തമാക്കി. മൂന്നു മാസത്തെ ലോൺ വ്യവസ്ഥയിലാണ് ക്ലബ്ബ് താരത്തെ ടീമിലെത്തിച്ചത്.

Goodjohn Baldwinson Image Credits | Facebook

ടീമിലെത്തിയത് മുതൽ അദ്ദേഹത്തിൻ്റെ പേര് ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറച്ചൊന്നുമല്ല വട്ടം കറക്കിയത്. തണുപ്പുള്ള രാജ്യമായ ഐസ്‌ലാൻ്റിൽ നിന്ന് എത്തിയ താരം ഇന്ത്യയിലെ കഠിനമായ ചൂട് അതിജീവിച്ചാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ചിരവൈരികളായ എടികെ കൊൽക്കത്തയ്ക്കെതിരെ ഗോൾ നേടി ആരാധക ഹൃദയം കീഴടക്കിയ താരമാണ് ബാല്‍ഡ്‌വിന്‍സണ്‍.

കേരള ബ്ലാസ്റ്റേഴ്സ് ഡെൽഹി ഡൈനാമോസിനെ തോൽപ്പിച്ചപ്പോൾ വിക്കിംഗ് ക്ലാപ്പുമായ് മുന്നണിയിൽ നിന്നതും ബാല്‍ഡ്‌വിന്‍സണ്‍ തന്നെയാണ്. ക്ലബ്ബിനു വേണ്ടി ആറു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയ താരം പിന്നീട് ഐസ്‌ലാൻ്റിലേക്ക് തിരിച്ചു പോവുകയായിരുന്നു. ഐസ്‌ലാന്റ് ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുള്ള താരം നിലവിൽ ഐസ്‌ലാന്റ് ടോപ് ഡിവിഷൻ ക്ലബ്ബായ സ്ജർനാനിൻ്റെ താരമാണ്.

????️ അതുൽ | ✂️ ധനുഷ്

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here