കേരള ബ്ലാസ്റ്റേഴ്സിലെ മുൻ താരങ്ങൾ !

0
271
Kerala Blasters

പതിവിലും വിപരീതമായി കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ അടിമുടി മാറിയ ഒരു പുതിയ സ്ക്വാഡുമായാണ് കളത്തിലിറങ്ങുന്നത് കഴിഞ്ഞ സീസണിൽ നിന്ന് ചുരുക്കം ചില താരങ്ങളെ മാത്രം നിലനിർത്തി ഒരുപിടി മികച്ച ഇന്ത്യൻ താരങ്ങളെയും, ലോകമെമ്പാടുമുള്ള വമ്പൻ ലീഗുകളിൽ കളിച്ച വിദേശ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചു. ധാരാളം ഭാവി പദ്ധതികൾ വിഭാവനം ചെയ്ത ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികൾ തന്നെയാണ് താരങ്ങളെ അവരുടെ ടീമിലേക്കെത്താൻ പ്രേരിപ്പിച്ചത്. ഈ സീസണിൽ കിരീടം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സിനെ ആരാധകക്കൂട്ടം. നവംബർ 20ന് എടികെ മോഹൻബഗാനെതിരെയാണ് ഐഎസ്എൽ ഏഴാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.

ബ്ലാസ്റ്റേഴ്സിൽ കഴിവ് തെളിയിച്ച എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്സിലില്ലാത്ത ചില താരങ്ങളെ നമുക്ക് പരിചയപ്പെടാം.

  1. ബർത്തലോമിയോ ഒഗ്ബെച്ചെ

2018-19 ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ പ്രധാന സ്ട്രൈക്കറായാണ് ബർത്തലോമിയോ ഒഗ്ബെച്ചെ ഐഎസ്എല്ലിൽ അരങ്ങേറുന്നത്. ആ സീസണിൽ 12 ഗോളുകളും 2 അസ്സിസ്റ്റുകളും നേടിയ താരം, നോർത്ത് ഈസ് യുണൈറ്റഡിന്റെ ആദ്യമായുള്ള സെമി ഫൈനൽ പ്രവേശനത്തിൽ പ്രധാന പങ്കുവഹിച്ചു. ആ സീസണിലെ മികച്ച പ്രകടനത്തെ തുടർന്നാണ് താരം ബ്ലാസ്റ്റേഴ്സിനെ റഡാറിലെത്തിയതും, കഴിഞ്ഞ സീസണിൽ അവർക്ക് വേണ്ടി ഒപ്പുവച്ചതും. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ മോശം ഫോമിൽ ആയിരുന്നു എങ്കിലും ഒഗ്ബെച്ചെക്ക് അതൊരു മികച്ച സീസൺ ആയിരുന്നു. 16 മത്സരങ്ങളിൽനിന്ന് 15 ഗോളുകൾ നേടി സീസണിലെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ എടികെയുടെ റോയ് കൃഷ്ണക്കൊപ്പം എത്തുകയും ചെയ്ത ഒഗ്ബെച്ചെ, ബ്ലാസ്റ്റേഴ്സിന്റെ തന്നെ എക്കാലത്തെയും മികച്ച ടോപ് സ്കോററായി മാറുകയും ചെയ്തു.

Bartholomew ogbeche Image Criedts /Facebook

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ബ്ലാസ്റ്റേഴ്സിൽ സാലറി-കട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ്, അതിന് തയ്യാറാവാതെ മുംബൈ സിറ്റിഎഫ്സിയിലേക്ക് ഒഗ്ബെച്ചെ മാറിയത്. അവരുടെ പുതിയ വിദേശനിക്ഷേപകരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ അൽഭുതകരമായ പണമിടപാടിന് തെളിവായാണ് ഒഗ്ബെച്ചെയുടെ ഈ നീക്കം. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ സീസണിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോകുന്ന ഒരു താരമായിരിക്കും ബർത്തലോമിയോ ഒഗ്ബെച്ചെ.

  1. സന്ദേശ് ജിങ്കൻ

ഐഎസ്എൽ ആദ്യ സീസൺ മുതൽ തുടർച്ചയായ ആറു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയ അവരുടെ മുൻ ക്യാപ്റ്റനും, പ്രതിരോധനിര താരവുമാണ് സന്ദേശ് ജിങ്കൻ. 2014 ഐഎസ്എൽ ആരംഭിക്കുന്നതിനു മുമ്പ് സന്ദേശ് ജിങ്കൻ എന്ന പേര് ഇന്ത്യൻ ഫുട്ബോളിൽ അറിയപ്പെടാത്ത ഒന്നായിരുന്നു, എന്നാൽ ബ്ലാസ്റ്റേഴ്സിലെ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾ കൊണ്ട് അദ്ദേഹം ഇന്ത്യൻ ദേശീയ സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമായി മാറി. കേരള ബ്ലാസ്റ്റേഴ്സിന്റെയും, ഇന്ത്യൻ ദേശീയ സീനിയർ ടീമിന്റെയും ക്യാപ്റ്റൻ ആംബാൻഡ് വഹിച്ച താരം, ഐഎസ്എൽ ആദ്യ സീസണിൽ ‘എമർജിങ് പ്ലെയർ ഓഫ് ദ സീസൺ’ കൂടിയായിരുന്നു.

Sandesh Jhingan Image Credits | Facebook

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിനിടയിൽ അദ്ദേഹത്തിന് യുകെയിൽ നിന്നുള്ള ഒരു ക്ലബ്ബിൽ നിന്ന് ഓഫർ ലഭിക്കുകയും, താരം അത് അംഗീകരിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് പരസ്പരധാരണയോടെ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടുന്നത്. എന്നാൽ കോവിഡ്-19 സാഹചര്യങ്ങളും, വിസ പ്രശ്നങ്ങളും മൂലം അദ്ദേഹത്തിന് ആ നീക്കം നടത്താനായില്ല. അതേസമയം ആ വിദേശ നീക്കം വിഫലമായതിന് ശേഷമാണ് എടികെ മോഹൻബഗാൻ ഒരു വമ്പൻ ഓഫറുമായി സന്ദേശ് ജിങ്കനെ സമീപിക്കുന്നത്. അത് സ്വീകരിച്ച താരം അഞ്ചു വർഷത്തെ കരാറിലാണ് എടികെ മോഹൻബഗാനുമായി ഒപ്പുവച്ചതെങ്കിലും, ഭാവിയിൽ വിദേശ ക്ലബ്ബുകളിൽ നിന്ന് ഓഫർ വന്നാൽ ടീം വിടാമെന്നുള്ള ഉടമ്പായിലാണ് ജിങ്കൻ എടികെക്കായി കളത്തിലിറങ്ങുക. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി 21ആം നമ്പർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിന്ന് റദ്ദ് ചെയ്യുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സ്, തങ്ങളുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെ ഇരുപത്തിയൊന്നാം നമ്പറിൽ സ്മരിക്കും.

  1. ധീരജ് സിംഗ്

U-17 ലോകകപ്പിലെ ഇന്ത്യൻ ഗോൾകീപ്പറായ ധീരജ് സിംഗ്, എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയുടെ താരമാണ്. ഐലീഗ് ടീമായ ഇന്ത്യൻ ആരോസിന്റെ ഗോൾവലക്ക് കീഴിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ്, അദ്ദേഹം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾവല കാത്തപ്പോൾ നാല് ക്ലീൻഷീറ്റുകളാണ് അദ്ദേഹം നേടിയത്. കൂടാതെ ഒരുപിടി മിന്നും സേവുകളും നടത്തിയിരുന്നു. 2019 20 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ ജാലകത്തിൽ, എടികെയിലേക്ക് ഒരു വമ്പൻ ട്രാൻസ്ഫറിൽ പോയെങ്കിലും, എടികെയിലെ മറ്റു പരിചയസമ്പന്നരായ ഗോൾകീപ്പർമാർക്ക് പിറകിൽ ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. കഴിഞ്ഞ സീസണിലാകെ അദ്ദേഹം കളിക്കാനിറങ്ങിയത് ഒരേയൊരു മത്സരത്തിലാണ്.

Dheeraj Singh Image Criedts /Facebook

ആൽബിനോ ഗോമസ്, പ്രഭ്ഷുഖൻ ഗിൽ, ബിലാൽ, മുഹീത്ത് എന്നീ ഗോൾകീപ്പർ മാരെ ഈ സീസണിൽ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സിന്, ധീരജിനെപ്പോലുള്ള ഒരു പ്രതിഭാശാലിയായ ഗോൾകീപ്പറെ മിസ്സ്‌ ചെയ്യുക തന്നെചെയ്യും.

  1. പോൾ റച്ചുബ്ക്ക

2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കസ്റ്റോഡിയൻ ആയിരുന്നു ‘പോൾ നീരാളി’ എന്ന് വിളിപ്പേരുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പോൾ റച്ചുബ്ക്ക. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡ്, ബേർൺലി എന്നിങ്ങനെ വമ്പൻ ടീമുകളിൽ കളി പരിചയമുള്ള അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം തന്നെയാണ് ഗോൾവലക്ക് കീഴിൽ കാഴ്ചവച്ചത്. കേരള ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങൾ കളിച്ച അദ്ദേഹം വെറും 18 ഗോളുകൾ മാത്രം വഴങ്ങി, അഞ്ചു ക്ലീൻ ഷീറ്റുകളാണ് സ്വന്തമാക്കിയത്. ഐഎസ്എല്ലിലെ വിദേശ കളിക്കാരുടെ എണ്ണം കുറച്ചതിന് പിന്നാലെയാണ് അദ്ദേഹം ടീം വിട്ടത്.

Paul Rachubka Image Criedts /Facebook

അദ്ദേഹത്തെ പോലൊരു പരിചയസമ്പന്നനായ ഗോൾകീപ്പറുടെ അഭാവം പിന്നീടുള്ള സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ വലച്ചിരുന്നു.

  1. ഇയാൻ ഹ്യൂം

താൻ കളിച്ച ഒട്ടുമിക്ക മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജേഴ്സിയുടെ അതേ കളർ ബാൻഡേജ് തലയിൽ കെട്ടി കളത്തിലിറങ്ങിയ ഇയാൻ ഹ്യൂമിന്റെ മുഖം ഒരു ബ്ലാസ്റ്റേഴ്സ് ആരാധകരും മറന്നിട്ടുണ്ടാകില്ല. 2014ലെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ കനേഡിയൻ താരമായ ഹ്യൂം, ഐഎസ്എല്ലിന്റെ വിവിധ സീസണുകളിൽ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടുകെട്ടി. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ, പുണെ സിറ്റി എഫ്സി, അറ്റ്ലെറ്റികൊ ഡി കോൽക്കത്ത എന്നീ ടീമുകളിളും അദ്ദേഹം കളിച്ചു. ഐഎസ്എല്ലിലുടനീളം 69 മത്സരങ്ങൾ കളിച്ച അദ്ദേഹം, 29 ഗോളുകളാണ് നേടിയത്. അതിൽ 10എണ്ണം ബ്ലാസ്റ്റേഴ്സിന് വേണ്ടി മാത്രം. ബ്ലാസ്റ്റേഴ്സ് ആരാധകർ സ്നേഹത്തോടെ ഹ്യൂമേട്ടൻ എന്ന്
ഏറ്റുവിളിച്ചിരുന്ന അദ്ദേഹം, കളിക്കാരനെന്നതിന് പുറമേ പല വേഷത്തിലും, പല ചുമതലകളിലും ഐഎസ്എല്ലിൽ പ്രത്യക്ഷപെട്ടിരുന്നു.

Iain Hume Image Criedts /Facebook

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here