രാജ്യത്ത് കൊവിഡ് വ്യാപനം ഉയർന്നു കൊണ്ടിരിക്കെ ഹോക്കി താരങ്ങൾക്ക് ആശ്വാസവുമായി ഹോക്കി ഇന്ത്യ. നിലവിൽ കൊവിഡ് വ്യാപനം മൂലം രാജ്യം വളരെ സങ്കീർണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയത്താണ് കായിക മേഖലയ്ക്കൊട്ടാകെ മാതൃകയാക്കാവുന്ന ഒരു പദ്ധതി ഹോക്കി ഇന്ത്യ ആരംഭിക്കുന്നത്.

നിലവിൽ സ്ഥിര തൊഴിലില്ലാത്ത ഹോക്കി താരങ്ങൾക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. അടുത്തിടെ ചേർന്ന ഹോക്കി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ബോർഡാണ് ജൂനിയർ, സീനിയർ തലത്തിൽ ഉള്ള താരങ്ങൾ വനിതാ താരങ്ങൾ എന്നിവരുൾപ്പെടെ സ്ഥിര തൊഴിൽ ഇല്ലാത്ത 61 പേർക്ക് ധനസഹായം പ്രഖ്യാപിച്ചത്.

ഇപ്പോൾ ഉള്ള കൊറോണ വ്യാപനം തങ്ങളുടെ പ്രവർത്തനത്തെ പല വിധത്തിൽ ബാധിച്ചെന്നും സാമ്പത്തിക പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ കായിക താരങ്ങൾ ഉൾപ്പെടെ പലർക്കും വെല്ലുവിളികൾ സൃഷ്ടിച്ചു എന്നും ഹോക്കി ഇന്ത്യ അറിയിച്ചു. ഇതിനിടെയാണ് സ്ഥിര തൊഴിൽ ഇല്ലാത്ത കായിക താരങ്ങൾ വളരെയധികം കഷ്ടപ്പെടുന്നതും കായിക പ്രവർത്തനങ്ങളിലേക്ക് തിരികെ വരാൻ അവർക്ക് സാധിക്കാതെ ഇരിക്കുന്നതും ശ്രദ്ധയിൽ പെട്ടതെന്ന് ബോർഡ് അംഗങ്ങൾ കൂട്ടിച്ചേർത്തു.

ഹോക്കി ഇന്ത്യയുടെ ധന സഹായം തിരഞ്ഞെടുത്ത 61 പേർക്കാണ് ലഭിക്കുക. ഇതിൽ 30 ജൂനിയർ വനിതാ താരങ്ങൾ, 26 ജൂനിയർ പുരുഷ താരങ്ങൾ, 4 സീനിയർ വനിതാ താരങ്ങൾ, 1 സീനിയർ മെൻ കോർ പ്രോബബിൾ എന്നിവർ ഉൾപ്പെടുന്നു. ഹോക്കി താരങ്ങൾക്ക് കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ അടിസ്ഥാന സാമ്പത്തിക സഹായം നൽകുകയാണ് ഇതിൻ്റെ ലക്ഷ്യം.

കൊവിഡ് പ്രതിസന്ധി സ്ഥിര തൊഴിൽ ഇല്ലാത്ത കായിക താരങ്ങളെ ബാധിച്ചുവെന്ന് ഹോക്കി ഇന്ത്യ പ്രസിഡൻ്റ് ഗ്യാനേന്ദ്രോ നിംഗോമ്പം പറഞ്ഞു. കായിക താരങ്ങൾക്ക് ഉടനടി ആശ്വാസം നൽകുക എന്ന ശ്രമങ്ങളുടെ ഭാഗമാണ് ഹോക്കി ഇന്ത്യയുടെ ധന സഹായം. തുടക്കത്തിൽ 10,000 രൂപയുടെ ധനസഹായം ആണ് കായിക താരങ്ങൾക്ക് ലഭ്യമാക്കുക.

ഇന്ത്യൻ സീനിയർ ടീമിൻ്റെ ക്യാംപ് ആഗസ്റ്റ് 19-ന് ബെംഗളൂരുവിലെ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ നാഷണൽ സെൻ്റർ ഓഫ് എക്സലൻസിലാണ് ആരംഭിക്കാനിരിക്കുന്നത്. അടുത്തിടെയാണ് 6 ഹോക്കി താരങ്ങൾ കൊവിഡ് മുക്തരായത് ഇവരും ബെംഗളൂരുവിലെ ക്യാംപിൽ ടീമിനൊപ്പം ചേരും.
Written by Athul | Edited by Anu
കൃത്യതയോടെയും ആധികാരികതയോടെയും കൂടുതൽ സ്പോർട്സ് വാർത്തകൾ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. [LINK]