ബ്ലാസ്റ്റേഴ്സിന് ഫിഫയിൽ നിന്ന് നഷ്ട പരിഹാരം ലഭിച്ചതെങ്ങനെ?

0
183
Sandesh jinghan

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി നടന്ന സംഭവമാണ് ഫിഫയിൽ നിന്ന് ഒരു ക്ലബ്ബിന് നഷ്ട പരിഹാരം ലഭിച്ചു എന്നത്. അത് മലയാളികളുടെ ഇഷ്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സാണ്. ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗന് കഴിഞ്ഞ സീസണ് മുന്നോടിയായി ദേശീയ ടീമിന് വേണ്ടി കളിച്ചപ്പോൾ പരിക്കേറ്റിരുന്നു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന ഇന്ത്യൻ ടീമിന്റെ പരിശീലന മത്സരത്തിൽ താരത്തിന് മുട്ടിന് പരിക്കേറ്റിരുന്നു. എസിഎൽ ഇഞ്ചുറി പറ്റിയ സന്ദേശ് ജിംഗന് സീസൺ മുഴുവനായി നഷ്ടപ്പെട്ടിരുന്നു. ഡച്ച് പരിശീലകനായ എൽക്കോ ഷട്ടോരിയുടെ കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിനായി തയ്യാറെടുത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് സന്ദേശ് ജിംഗന്റെ അഭാവം വലിയ തിരിച്ചടിയാണ് നൽകിയത്. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങിയിരുന്ന താരമാണ് സന്ദേശ് ജിംഗൻ.

താരത്തിന് ക്ലബ്ബുമായി കരാർ നിലനിന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ വേതനവും, ചികിത്സാ ചിലവുകളും എല്ലാം ക്ലബ്ബാണ് വഹിക്കേണ്ടത്. ചില ക്ലബ്ബുകൾക്ക് അടിയന്തര സാഹചര്യം പരിഹരിക്കുന്നതിനു വേണ്ടി ഇൻഷുറൻസുകൾ ഉണ്ട്. എന്നാൽ ഈ നിർണായക സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റഫീക്കിന്റെ മാർഗ്ഗ നിർദ്ദേശ പ്രകാരം മുന്നോട്ടു പോയ ബ്ലാസ്റ്റേഴ്സിന് ക്ലബ്ബ് സംരക്ഷണ നിയമ പ്രകാരം ഫിഫയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചു.

എന്താണ് ക്ലബ്ബ് സംരക്ഷണ നിയമം?

ഒരു ക്ലബ്ബുമായി കരാറുള്ള താരം ദേശീയ ടീമിനു വേണ്ടി മത്സരത്തിൽ പങ്കെടുക്കുകയും പരിക്കേൽക്കുകയും അതിന്റെ ഭാഗമായി അദ്ദേഹത്തിന് 28 ദിവസത്തോളം കളിക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ ഫിഫയുടെ ക്ലബ്ബ് സംരക്ഷണ നിയമ പ്രകാരം ഒരു ക്ലബ്ബിന് ഫിഫയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്.

അതിനാൽ ഇത്തരം സാഹചര്യത്തിൽ ക്ലബ്ബിന് ഫിഫയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഈ തുക കളിക്കാരന്റെ കരാറിൽ സൂചിപ്പിച്ചിരിക്കുന്ന നിശ്ചിത ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഇതു കൂടാതെ ഒരു കളിക്കാരന് പരിക്കേറ്റാൽ ക്ലബ്ബിന് ലഭിക്കുന്ന പരമാവധി നഷ്ടപരിഹാരത്തുക 7,500,000 യൂറോയാണ്.

കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട് പോയതെങ്ങനെ?

ഒരു കളിക്കാരന് പരിക്കേറ്റാൽ 28 ദിവസത്തിനുള്ളിൽ നിയമപരമായി മുന്നോട്ട് പോകണം എന്ന് കേരള ബ്ലാസ്റ്റേഴ്സിന് അറിയാമായിരുന്നു. 2019 ഒക്ടോബർ 9-നാണ് സന്ദേശ് ജിംഗന് പരിക്കേറ്റത്. നവംബർ 6-ന് ബ്ലാസ്റ്റേഴ്സ് നഷ്ട പരിഹാര തുകയ്ക്ക് അപേക്ഷ സമർപ്പിക്കുകയും ഒരു വർഷത്തിനു ശേഷം നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ലഭിക്കുകയും ചെയ്തു. കളിക്കാരന്റെ കരാറുമായി ബന്ധപ്പെട്ട രേഖകൾ, മെഡിക്കൽ രേഖകൾ തുടങ്ങിയവയുടെ കോപ്പി എല്ലാം ക്ലബ്ബ് ഫിഫയ്ക്ക് അയച്ചിരുന്നു.

അങ്ങനെ 70 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടപരിഹാരമായി ലഭിച്ചത്. ഇന്ത്യയിലെ പല ക്ലബ്ബുകളും ശ്രദ്ധിക്കാതെ പോയ ഈ ഫിഫ പോളിസി ഉപയോഗിച്ച് നഷ്ടപരിഹാരത്തുക നേടിയെടുത്ത ആദ്യ ഇന്ത്യൻ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് മാറി.

????️ അതുൽ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here