ഗോൾഡൻ ബൂട്ട് നിലനിർത്താമെന്ന പ്രതീക്ഷയിൽ ഈഗോർ അംഗുലോ

0
200

ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾഡൻ ബൂട്ട് നിലനിർത്താമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ഗോൾ മെഷീൻ ഈഗോർ അംഗുലോ. കഴിഞ്ഞ വർഷം ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയ ഈ താരം എഫ്സി ഗോവയ്ക്ക് വേണ്ടിയാണ് കളിച്ചത്. എഫ്സി ഗോവയ്ക്കായി 21 മത്സരങ്ങളിൽ നിന്നും 14 ഗോളുകൾ നേടിയാണ് അദ്ദേഹം ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പ്ലേ ഓഫ് വരെ എത്തിക്കുന്നതിൽ നിർണായകമായി മാറിയത് ഈ താരത്തിൻ്റെ ഗോളടി മികവാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് ശേഷം എഫ്സി ഗോവ എഎഫ്സി ചാംമ്പ്യൻസ് ലീഗിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച വേട്ടക്കാരനായ ഈഗോർ അംഗുലോയ്ക്ക് ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഇടം നൽകിയില്ല.

ഇതോടെ ഒരു വർഷത്തെ കരാറിൽ ക്ലബ്ബിൽ എത്തിയ ഈഗോർ അംഗുലോ ക്ലബ്ബുമായി കരാർ പുതുക്കിയില്ല. കരാർ കാലാവധി കഴിഞ്ഞ് ഫ്രീ ഏജൻ്റായി മാറിയ ഈഗോർ അംഗുലോയെ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കുകയായിരുന്നു. ഒരു വർഷത്തെ കരാറാണ് 37 വയസ്സ് പ്രായമുള്ള സ്പാനിഷ് താരത്തിന് ക്ലബ്ബ് നൽകിയിരിക്കുന്നത്.

ദേശീയ തലത്തിൽ സ്പെയിൻ അണ്ടർ-19, അണ്ടർ-20, അണ്ടർ-21 ടീമുകൾക്കു വേണ്ടി പന്ത് തട്ടിയ താരമാണ് ഈഗോർ അംഗുലോ. സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ ബിൽബാവോ ഫുട്ബോൾ ക്ലബ്ബിൻ്റെ അക്കാദമിയിലൂടെ കളി പടിച്ച താരം ബാസ്കോണിയ എന്ന ക്ലബ്ബിലൂടെയാണ് തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്.

പിന്നീട് സ്പെയിനിലെ വിവിധ ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്. 2003-ൽ അത്ലറ്റിക്കോ ബിൽബാവോയുടെ സീനിയർ ടീമിൽ ഇടം പിടിച്ച താരം ക്ലബ്ബിനായി 4 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. പിന്നീട് സെഗുണ്ട ഡിവിഷനിലെ പാമ്പുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ 2016-ൽ പോളിഷ് ടോപ് ഡിവിഷൻ ക്ലബ്ബായ ഗോർനിക് സാബ്രയിൽ എത്തിയതാണ് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്. തുടർച്ചയായ നാലു വർഷത്തോളം ക്ലബ്ബിൻ്റെ ഭാഗമായ താരം 138 മത്സരങ്ങളിൽ കളത്തിലിറങ്ങുകയും 80 ഗോളുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ക്ലബ്ബിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ താരം പോളിഷ് ലീഗിലെ മികച്ച സ്ട്രൈക്കറിനുള്ള അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. പോളിഷ് ലീഗിലെ തൻ്റെ മികവ് കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ ലീഗിലും തുടർന്ന താരത്തിന് ഇത്തവണ അത് മുംബൈ സിറ്റി എഫ്സിയിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here