എഎഫ്സി കപ്പ് അണ്ടർ-23 യോഗ്യതാ മത്സരങ്ങൾക്കായി തയ്യാറെടുത്ത് ഇന്ത്യ

0
103

2022-ൽ നടക്കാനിരിക്കുന്ന എഎഫ്സി കപ്പ് അണ്ടർ-23 യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇന്ത്യൻ ദേശീയ ടീം. ഈ ടൂർണമെൻ്റിനുള്ള സാധ്യതാ താരങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ് ലിസ്റ്റ് കഴിഞ്ഞ ഒക്ടോബർ 13-നാണ് എഐഎഫ്എഫ് പുറത്ത് വിട്ടത്. കെപി രാഹുൽ, അലക്സ് സജി എന്നിവരാണ് സ്ക്വാഡിലുള്ള മലയാളി താരങ്ങൾ.

ഒക്ടോബർ 23 മുതൽ 31 വരെയാണ് അണ്ടർ-23 എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യ ഉൾപ്പെട്ടിട്ടുള്ള ഗ്രൂപ്പ് ഇ-യിലുള്ള മറ്റു ടീമുകൾ കിർഗിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവയാണ്. എഎഫ്സി അസോസിയേഷനിൽ അംഗങ്ങളായ 47 ടീമുകളിൽ നിന്നും 42 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. നാല് ടീമുകളുള്ള ഒമ്പത് ഗ്രൂപ്പുകളും, മൂന്ന് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളുമാണുള്ളത്.

ഈ ടീമുകളെയെല്ലാം വെസ്റ്റ് സോൺ, ഈസ്റ്റ് സോൺ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. മത്സരത്തിൻ്റെ ആതിഥേയത്വം വഹിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച പതിനൊന്ന് ടീമുകളെ വ്യത്യസ്ത ഗ്രൂപ്പുകളിലേക്കാണ് മാറ്റിയിട്ടുള്ളത്. കൊവിഡ് സംബന്ധമായ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് ചൈനയും, ഉത്തര കൊറിയയും ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

ഈ ഒരു കാരണത്താൽ ഗ്രൂപ്പ് ജി-യിൽ രണ്ട് ടീമുകൾ മാത്രമാണ് ഉള്ളത്. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക ടൂർണമെൻ്റിലെ 11 ഗ്രൂപ്പ് ജേതാക്കൾക്കും, 4 റണ്ണേഴ്സ് അപ്പുകൾ അടക്കം മൊത്തം 16 ടീമുകൾക്കാണ്. ഗ്രൂപ്പ് ജി-യിൽ ഉള്ള 2 ടീമുകൾ ഓസ്ട്രേലിയയും, ഇന്തോനേഷ്യയുമാണ്. ഈ ടീമുകൾ തമ്മിൽ രണ്ട് തവണ മത്സരിക്കുകയും വിജയിക്ക് മാത്രം അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.

ഫൈനൽ റൗണ്ടിന് ആതിഥേയത്വം വഹിക്കുക ഉസ്ബെക്കിസ്ഥാനാണ്. അതിനാൽ അവർ നേരത്തെ തന്നെ യോഗ്യത നേടിക്കഴിഞ്ഞു. സൗത്ത് കൊറിയയാണ് ടൂർണമെൻ്റിലെ നിലവിലെ ജേതാക്കൾ. അവർ മത്സരിക്കുന്നത് ഗ്രൂപ്പ് എച്ചിൽ ആണ്. ഒക്ടോബർ 25-ന് ആരംഭിച്ച് 30-ന് അവസാനിക്കുന്ന രീതിയിലാണ് ഗ്രൂപ്പ് ഇ-യിലെ മത്സരങ്ങൾ. ഒക്ടോബർ 25-ന് കളത്തിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ എതിരാളികൾ ഒമാനാണ്.

2014-ൽ ആരംഭിച്ച ടൂർണമെൻ്റിൽ ഇതുവരെ യോഗ്യതാ റൗണ്ട് താണ്ടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 2016, 2020 തുടങ്ങിയ വർഷങ്ങളിലെ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ ഏറെ പ്രതീക്ഷയോടെ കളത്തിലിറങ്ങുന്ന ഇന്ത്യൻ ടീമിന് മികച്ച പ്രകടനം കാഴ്ച വെക്കാനും അതുവഴി യോഗ്യതാ റൗണ്ട് മറികടക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here