T20 ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു!

0
130

ടി20 ലോകകപ്പിനുള്ള വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഒമാനിലും യുഎയിലുമായാണ് ഇത്തവണ ലോകകപ്പ് നടക്കുക. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് മാറ്റിവെച്ചത്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ലോകകപ്പ് മാറ്റിവെച്ചിരുന്നത്. 2007ൽ പ്രഥമ ലോകകപ്പ് കിരീട വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച മുൻ ലോകകപ്പ് നായകൻ മഹേന്ദ്ര സിങ് ധോണി ഉപദേശകനായി ടീമിനൊപ്പമുണ്ടാവും.

വമ്പൻ സർപ്രൈസുകളാണ് ടീമിലുള്ളത്. സീനിയർ സ്പിന്നർ ആർ അശ്വിനെ ടീമിലുൾപ്പെടുത്തി. ഓപ്പണർ ശിഖർ ധവാൻ പുറത്തായി. കെഎൽ രാഹുലും രോഹിത് ശർമയുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. റിഷഭ് പന്താണ് ടീമിന്റെ വിക്കറ്റ് കീപ്പർ. റിസർവ് വിക്കറ്റ് കീപ്പറായി ഇഷൻ കിഷനെ ടീമിലുൾപ്പെടുത്തി. മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല. സൂര്യകുമാർ യാദവ് ഇടംപിടിച്ചപ്പോൾ ശ്രേയസ് അയ്യരെ ഒഴിവാക്കി. പരിക്ക് കാരണം ശ്രേയസ് കുറച്ച് കാലമായി മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്. കിട്ടിയ അവസരങ്ങളിൽ പ്രതിഭ തെളിയിക്കാനായത് സൂര്യകുമാറിന് ഗുണം ചെയ്തു. അശ്വിന്റെ തിരിച്ചുവരവാണ് ടീമിലെ ഏറ്റവും വലിയ സർപ്രൈസ്. സീനിയർ താരമായ അശ്വിൻ ടെസ്റ്റ് ടീമിൽ മാത്രമാണ് ഉണ്ടായിരുന്നത്. ടെസ്റ്റ് റാങ്കിങിൽ താരം രണ്ടാം റാങ്കിലുണ്ടായിരുന്നു. ബാറ്റിങിലും തിളങ്ങുമെന്നത് അശ്വിനുള്ള പ്ലസ് പോയൻറാണ്.

സീനിയർ സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയില്ല. കുൽദീപ് യാദവിനെയും പരിഗണിച്ചില്ല. രാഹുൽ ചാഹറും വരുൺ ചക്രവർക്കിയും സ്ഥാനം പിടിക്കുകയും ചെയ്തു. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ ഓൾറൌണ്ടർമാർ. അക്സർ പട്ടേലും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പരിക്ക് കാരണം വാഷിങ്ടൺ സുന്ദറിനെയും ഉൾപ്പെടുത്തിയില്ല.

സ്പിന്നർമാർക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പേസർമാർ മാത്രമാണ് ടീമിലുള്ളത്. സീനിയർ പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരാണ് സ്ഥാനം ഉറപ്പാക്കിയത്. പേസർമാരായ ദീപക് ചാഹറും ശാർദൂൽ താക്കൂറും പരിഗണിക്കപ്പെട്ടില്ല. ടി20യിൽ സമീപകാലത്ത് ഗംഭീര പ്രകടനമാണ് ചാഹർ നടത്തിയിരുന്നത്. ടെസ്റ്റിൽ ബാറ്റിങിലും ബോളിങിലും താക്കൂർ തിളങ്ങിയിരുന്നു. മെയിൻ ടീമിലില്ലെങ്കിലും റിസര്‍വ് താരങ്ങളായി ശ്രേയസ് അയ്യ‍ര്‍, ദീപക് ചാഹര്‍, ഷാര്‍ദുൽ താക്കൂര്‍ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here