ധനചന്ദ്ര മീതേയ്ക്ക് പുതിയ കരാർ നൽകി കേരള ബ്ലാസ്റ്റേഴ്സ്!

0
118

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രതിരോധ താരമായ ധനചന്ദ്ര മീതേയ്ക്ക് പുതിയ കരാർ നൽകി. 3 വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സ് താരത്തിന് നൽകിയിരിക്കുന്നത്. 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് ധനചന്ദ്ര മീതേയ്.

വളരെ കുറച്ച് അവസരങ്ങളാണ് താരത്തിന് ലഭിച്ചതെങ്കിലും പ്രതീക്ഷ നൽകുന്ന പ്രകടനം അദ്ദേഹം കളിക്കളത്തിൽ കാഴ്ച വെച്ചു. ഇതു കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താരവുമായി കരാർ പുതുക്കാൻ തീരുമാനിച്ചത്. ഐ ലീഗ് ക്ലബ്ബായ പൂനെ എഫ്സിയിലൂടെയാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരഭിച്ചത്.

പക്ഷേ നിർഭാഗ്യവശാൽ ഒരിക്കൽ പോലും അദ്ദേഹത്തിന് സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് ക്ലബ്ബ് വിട്ട താരം 2017-ൽ ചർച്ചിൽ ബ്രദേഴ്സിൽ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവ് തന്നെയായിരുന്നു ആ മാറ്റം. ചർച്ചിൽ ബ്രദേഴ്സിൽ ഭൂരിഭാഗം മത്സരങ്ങളിലും ധനചന്ദ്ര മീതേയ് കളത്തിലിറങ്ങി. ക്ലബ്ബിനായി 15 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം പ്രതിരോധ നിരയിൽ കെട്ടുറപ്പുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. തൊട്ടടുത്ത സീസണിൽ അദ്ദേഹത്തെ നെരോക്ക എഫ്സി സ്വന്തമാക്കി.

പക്ഷേ നെരോക്ക എഫ്സിയിൽ എത്തിയ താരത്തിന് കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. വെറും നാല് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് കളത്തിലിറങ്ങാൻ സാധിച്ചത്. അതിൽ തന്നെ പല മത്സരങ്ങളിലും പകരക്കാരനായാണ് താരത്തിന് അവസരം ലഭിച്ചത്. അങ്ങനെ 2019-20 സീസണിൽ അദ്ദേഹം ട്രാവു എഫ്സിയുമായി കരാർ ഒപ്പു വെച്ചു. ട്രാവു എഫ്സിക്കായി കളം നിറഞ്ഞു കളിച്ച താരത്തെ ഐഎസ്എൽ സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുകയായിരുന്നു. ജെസ്സെൽ കാർനെയ്രോയ്ക്ക് ഒരു ബാക്ക് അപ്പ് എന്ന രീതിയിലാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

വെറും 6 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചതെങ്കിലും പ്രതീക്ഷ നൽകുന്ന പ്രകടനം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട്. ഈ താരത്തെ നിലനിർത്തുന്നതിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പകരക്കാരുടെ നിരയിൽ കൂടുതൽ ശക്തരായ താരങ്ങളുടെ സാന്നിധ്യം ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here