സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരള ബ്ലാസ്റ്റേഴ്സ്

0
181

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം പകർന്നു കൊണ്ട് സ്പോർട്സ് കേരള എലൈറ്റ് റെസിഡൻഷ്യൽ അക്കാദമി തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ കേന്ദ്രമാക്കി ആരംഭിക്കാൻ ഒരുങ്ങുന്നു. കേരള മുൻകൈയെടുത്ത് ആരംഭിക്കുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് മലയാളികളുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനായിരിക്കും.

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി തന്നെ ഇക്കാര്യം പുറത്തു വിട്ടിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരും, പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബും ചേർന്നുള്ള ഒരു പദ്ധതി നിലവിൽ വരുന്നത്. ഈ അക്കാദമിയുടെ നടത്തിപ്പു ചുമതല പൂർണ്ണമായും കേരള ബ്ലാസ്റ്റേഴ്സിനായിരിക്കും. അഞ്ചു വർഷത്തെ കാലയളവിൽ സെൻ്റർ ഓഫ് എക്സലൻസിൻ്റെ ചുമതലയും ബ്ലാസ്റ്റേഴ്സിനായിരിക്കും.

ഈ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. കായിക മന്ത്രിയായ വി അബ്ദുറഹ്മാനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാവിയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ മികച്ച ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയിലെ ഫുട്ബോളിൻ്റെ ഒരു ലക്ഷ്യ സ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. ഈ അക്കാദമിയുടെ പ്രവർത്തനം ഏറ്റവും ഗുണകരമായി മാറുക കേരളത്തിലെ വളർന്നു വരുന്ന യുവ താരങ്ങൾക്കാണ്. യുവ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ അണ്ടർ-14, അണ്ടർ-17, അണ്ടർ-20 എന്നിങ്ങനെ മൂന്ന് വിഭാഗം ടീമുകൾ അക്കാദമിയിൽ ഉണ്ടായിരിക്കും.

അക്കാദമിയുടെ ഏറ്റവും മികച്ച നടത്തിപ്പിനായി ഫുട്ബോൾ രംഗത്ത് പ്രവർത്തിക്കുന്ന ഏറ്റവും പ്രഗൽഭരായ ആളുകളെ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തുക. ഫുട്ബോൾ താരങ്ങൾക്കായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും, ടർഫും, സാങ്കേതിക പിന്തുണയും അക്കാദമിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ ഇപ്പോൾ വളർന്നു വരുന്ന ഫുട്ബോൾ എന്ന കായിക വിനോദത്തിന് മികച്ച പിന്തുണ നൽകുന്ന കേരള സർക്കാരിനെയും, അതിനോട് യോജിച്ച് പ്രവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയും ഒരു ഫുട്ബാൾ ആരാധകൻ എന്ന നിലയിൽ നമ്മൾ അഭിനന്ദിച്ചേ മതിയാകൂ. കേരളത്തിലെ ഈ ഫുട്ബോൾ അക്കാദമി ഒരു മികച്ച വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here