ക്രൊയേഷ്യൻ പ്രതിരോധ ബ്ലാസ്റ്റേഴ്സിലേക്ക്

0
148

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ അവസാന വിദേശ സൈനിംഗ് ഒരു ക്രൊയേഷ്യൻ പ്രതിരോധ താരമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. 30 വയസ്സ് പ്രായമുള്ള മാർക്കോ ലെസ്കോവിച്ച് എന്ന താരത്തിൻ്റെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ ഡൈനാമോ സാഗ്രെബിൻ്റെ താരമായ മാർക്കോ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്താനുള്ള സാധ്യതകൾ ഉയർന്നു വരികയാണ്.

അൽവാരോ വാസ്‌ക്വേസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ, ജോർജ് പെരേര ഡയസ്, അഡ്രിയാൻ ലൂണ തുടങ്ങിയ 5 വിദേശ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇനി മാർക്കോ ലെസ്കോവിച്ച് കൂടി ടീമിൽ എത്തിയാൽ അത് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും അവസാനത്തെ വിദേശ സൈനിംഗായിരിക്കും.

കേരള ബ്ലാസ്റ്റേഴ്സും, മാർക്കോ ലെസ്കോവിച്ചും തമ്മിലുള്ള ചർച്ചകൾ വിജയകരമായിരുന്നുവെന്നും താരത്തിൻ്റെ സൈനിംഗ് ക്ലബ്ബ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ലീഗിൽ 150-ലേറെ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് മാർക്കോ ലെസ്കോവിച്ച്.

ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ലീഗിന് പുറമേ യുവേഫ യൂറോപ്പ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 2016-ൽ ക്രൊയേഷ്യൻ വമ്പന്മാരായ ഡൈനാമോ സാഗ്രെബ് അദ്ദേഹത്തിന് നീണ്ട അഞ്ചു വർഷത്തെ കരാർ നൽകുകയായിരുന്നു. മാർക്കോ ലെസ്കോവിച്ച് അവസാനമായി കളത്തിലിറങ്ങിയത് എൻകെ ലോക്കോമോട്ടിവ എന്ന ക്ലബ്ബിന് വേണ്ടിയാണ്.

അവിടെ ലോൺ വ്യവസ്ഥയിലാണ് അദ്ദേഹം കളിച്ചത്. അദ്ദേഹം പ്രധാനമായും കളിക്കുന്നത് സെൻ്റർ ബാക്ക് പൊസിഷനിലാണെങ്കിലും ഡിഫൻസീവ് മിഡ്ഫീൽഡറായും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2014-ൽ അർജൻ്റീനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹം ക്രൊയേഷ്യൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. അവസാനമായി ലെസ്കോവിച്ച് ദേശീയ ടീം ജേഴ്സിയണിഞ്ഞത് എസ്റ്റോണിയക്കെതിരെ നടന്ന മത്സരത്തിലാണ്.

അവസാന വിദേശ താരത്തെ തിരഞ്ഞെടുക്കാനായി കേരള ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. യൂറോപ്യൻ ടോപ് ഡിവിഷൻ ലീഗുകളിൽ കഴിവ് തെളിയിച്ച താരങ്ങളായിരുന്നു അതിലേറെയും. അർജൻ്റീനിയൻ പ്രതിരോധ താരമായ മൗറോ ഡോസ് സാൻ്റോസിനെയും കേരള ബ്ലാസ്റ്റേഴ്സ് പരിഗണിച്ചിരുന്നു. പക്ഷെ അവസാന നിമിഷം ഒരു വെർസറ്റൈൽ താരമായ മാർക്കോ ലെസ്കോവിച്ചിനെ ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here