യുവകേരള ബ്ലാസ്റ്റേഴ്സ് താരം സഞ്ജീവ് സ്റ്റാലിനെപ്പറ്റി അറിയേണ്ടതെല്ലാം!

0
203

യുവ ഇന്ത്യൻ താരം സഞ്ജീവ് സ്റ്റാലിനെ സ്വന്തമാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മൂന്നു വർഷത്തെ കരാറാണ് താരം കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പു വെച്ചിരിക്കുന്നത്. പോർച്ചുഗീസ് ക്ലബ്ബായ ആവേസിൽ നിന്നാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

ചണ്ഡിഗർ ഫുട്ബോൾ അക്കാദമിയിലൂടെയാണ് സ്റ്റാലിൻ തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. 2017-ൽ ഇന്ത്യൻ ആരോസിലൂടെ അദ്ദേഹം സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചു. ഐ ലീഗിൽ ഇന്ത്യൻ ആരോസിനു വേണ്ടി മികച്ച പ്രകടനം നടത്തിയ സഞ്ജീവ് സ്റ്റാലിനെ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഏവരും വാഴ്ത്തിയിരുന്നു. സെറ്റ് പീസ് വിദഗ്ധനായ താരം മൂന്നു സീസണുകളിലായി 28 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-20 ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2017-ൽ നടന്ന ഫിഫ അണ്ടർ-17 ലോകകപ്പിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ലോകകപ്പിൽ കൊളംബിയക്കെതിരെ ജീക്സൺ സിംഗ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് സഞ്ജീവ് സ്റ്റാലിനാണ്.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആരാധകർക്ക് മുമ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. ഇനിയുള്ള എന്റെ യാത്ര കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്കിൻകിസ് പറഞ്ഞത് സഞ്ജീവ് സ്റ്റാലിനെ പോലുള്ള ഒരു പ്രതിഭാശാലിയായ യുവ താരത്തിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ്. യൂറോപ്പിൽ കളിച്ച താരത്തിൻ്റെ അനുഭവസമ്പത്ത് ടീമിന് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജീവ് സ്റ്റാലിനെ പോലുള്ള ഒരു യുവ താരത്തിന് മികച്ച അവസരങ്ങൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ ലഭിക്കും. യുവ താരങ്ങൾക്ക് എപ്പോഴും അവസരങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എമേർജിംഗ് പ്ലെയർ ഓഫ് ദ സീസൺ അവാർഡുകൾ. ഇതുവരെ നടന്ന 7 സീസണുകളിൽ 3 തവണ ഈ അവാർഡ് കരസ്ഥമാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ്. അതു കൊണ്ടു തന്നെ താരത്തിന്റെ വരവ് അദ്ദേഹത്തിനും, ക്ലബ്ബിനും ഗുണകരമായി തന്നെ മാറും.

????️ അതുൽ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here