മുൻ താരം ഡക്കൻസ് നാസോണിനെ നോട്ടമിട്ട് കേരള ബ്ലാസ്റ്റേഴ്സ്!

0
150

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുൻ താരത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിലെ കനത്ത പരാജയത്തിനു ശേഷം ടീം മൊത്തം അഴിച്ചു പണിയുവാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് 2016-ൽ തങ്ങൾക്കു വേണ്ടി കളിച്ച ഹെയ്ത്തി താരം ഡക്കൻസ് നാസോണിനെയാണ് നോട്ടമിട്ടിരിക്കുന്നത്.

താരത്തിനെ കുറിച്ച് ഒരു അന്വേഷണം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ സീസണിൽ ബെൽജിയം ടോപ് ഡിവിഷൻ ക്ലബ്ബായ സിന്റ് ട്രൂയിഡെൻസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. 2020-21 സീസണിൽ ബെൽജിയൻ ലീഗിൽ 22 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും, 1 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

സെന്റർ ഫോർവേഡ് പൊസിഷന് പുറമേ, സെക്കൻഡ് സ്ട്രൈക്കറായും, ലെഫ്റ്റ് വിങ്ങറായും താരത്തിന് കളിക്കാൻ സാധിക്കും. 27 വയസ്സ് പ്രായമുള്ള താരം നിലവിൽ ഹെയ്ത്തി ദേശീയ ടീം അംഗമാണ്. ഹെയ്ത്തി ദേശീയ ടീമിനായി ഇതുവരെ 44 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകൾ നേടിയിട്ടുണ്ട്.

2013-ൽ ഫ്രഞ്ച് ക്ലബ്ബായ റോയ് നോയോണിലൂടെയാണ് ഡക്കൻസ് നാസോൺ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് 3 വർഷത്തോളം വിവിധ ഫ്രഞ്ച് ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം 2016-ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. അന്ന് അദ്ദേഹത്തിന്റെ ഒപ്പം ഹെയ്ത്തി ദേശീയ ടീമിൽ ഉണ്ടായിരുന്ന ബെൽഫോർട്ടിനെയും ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ അദ്ദേഹത്തിന് വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം. ബ്ലാസ്റ്റേഴ്സിനായി ഇന്ത്യൻ സൂപ്പർ ലീഗിൽ 6 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അരങ്ങേറ്റ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം ക്ലബ്ബിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം ക്ലബ്ബ് വിട്ട താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സുമായി കരാർ ഒപ്പു വെച്ചു. വോൾവർഹാംപ്ടൺ താരത്തെ ലോൺ വ്യവസ്ഥയിൽ വിവിധ ക്ലബ്ബുകളിലേക്ക് അയക്കുകയാണ് ഉണ്ടായത്.

രണ്ടു വർഷത്തിനു ശേഷം 2018-ൽ ബെൽജിയൻ ക്ലബ്ബായ സിന്റ് ട്രൂയിഡെൻസിൽ എത്തിയ താരത്തിന്റെ കരാർ ജൂൺ മാസത്തോടെ അവസാനിക്കാനിരിക്കുകയാണ്. ഇതോടെയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ നോട്ടപ്പുള്ളിയായി മാറിയത്. അദ്ദേഹം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടുമോ ഇല്ലയോ എന്നറിയാൻ നമുക്ക് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here