പുതിയ താരത്തെ സ്വന്തമാക്കി കേരള യുണൈറ്റഡ് എഫ്സി

0
133

കേരളത്തിൽ നിന്നുള്ള ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്സി പുതിയൊരു താരത്തെ കൂടി ടീമിലെത്തിച്ചിരിക്കുകയാണ്. ജമ്മു കാശ്മീർ സ്വദേശിയായ അരുൺ നാഗിയാലിനെയാണ് കേരള യുണൈറ്റഡ് എഫ്സി സ്വന്തമാക്കിയിരിക്കുന്നത്. 27 വയസ്സ് പ്രായമുള്ള അരുൺ നാഗിയാൽ ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ്സിയുടെ മുൻ താരം കൂടിയാണ്.

രണ്ടു വർഷത്തെ കരാറാണ് കേരള യുണൈറ്റഡ് എഫ്സി താരത്തിന് നൽകിയിരിക്കുന്നത്. ഈ കരാർ പ്രകാരം 2023 വരെ അരുൺ നാഗിയാലിന് ക്ലബ്ബിൽ തുടരാൻ സാധിക്കും. കഴിഞ്ഞ സീസണിൽ റിയൽ കാശ്മീർ എഫ്സിയുടെ ജേഴ്സിയണിഞ്ഞ ജമ്മു കാശ്മീർ 2020-ലെ ഐഎഫ്എ ഷീൽഡ് നേടുകയും ചെയ്തിട്ടുണ്ട്.

ജമ്മു കാശ്മീരിന് പുറത്തുള്ള ഒരു പുതിയ ക്ലബ്ബിൻ്റെ ഭാഗമാകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് താരം പറഞ്ഞു. ഐ ലീഗിലും അതു പോലെ തന്നെ സെക്കൻഡ് ഡിവിഷൻ ലീഗിലും നിരവധി മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. കളിച്ച ടീമുകൾക്ക് വേണ്ടി എൻ്റെ നൂറ് ശതമാനം ഞാൻ നൽകിയിട്ടുണ്ട്.

ഐ ലീഗിലെയും, സെക്കൻഡ് ഡിവിഷൻ ലീഗിലെയും ഈ അനുഭവസമ്പത്ത് കേരള യുണൈറ്റഡ് എഫ്സിക്ക് വേണ്ടി കളിക്കുമ്പോൾ സഹായകമാവുമെന്നും, തന്നിൽ വിശ്വാസമർപ്പിച്ച ടീം മാനേജ്മെൻ്റിനോട് നന്ദി പറയുന്നുവെന്നും അരുൺ നാഗിയാൽ പറഞ്ഞു.

കേരള യുണൈറ്റഡ് എഫ്സിയിലെ മലയാളികളല്ലാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അരുൺ നാഗിയാൽ. സെക്കൻഡ് ഡിവിഷൻ ക്വാളിഫയർ മത്സരങ്ങളാണ് ഇനി കേരള യുണൈറ്റഡ് എഫ്സിക്ക് മുന്നിലുള്ളത്. അതിനായി കഠിനമായ പരിശ്രമത്തിലാണ് ഇപ്പോൾ മുഴുവൻ ടീം അംഗങ്ങളും. എത്രയും പെട്ടെന്ന് ഐ ലീഗിലെത്തുകയാണ് ക്ലബ്ബിൻ്റെ പ്രഥമ ലക്ഷ്യം.

അടുത്തിടെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി കേരള യുണൈറ്റഡ് എഫ്സി 2 സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ ടീം, രണ്ടാമത്തെ മത്സരത്തിൽ അവരെ സമനിലയിൽ തളച്ചിരുന്നു.

പിന്നീട് ഗോകുലം കേരള എഫ്സിയുമായി ഏറ്റുമുട്ടിയപ്പോൾ കേരള യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. എങ്കിലും ഇത്രയും മത്സരങ്ങളിൽ കേരള യുണൈറ്റഡ് എഫ്സി കളത്തിലിറക്കിയത് ഇന്ത്യൻ താരങ്ങളെ മാത്രമായിരുന്നു എന്നത് ഓരോ ആരാധകനും അഭിമാനിക്കാവുന്ന നേട്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here