ഹൈദരാബാദ് എഫ്‌സിയുമായി കരാർ പുതുക്കി ലക്ഷ്മികാന്ത് കട്ടിമണി!

0
62

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ്സി ടീമിലെ പരിചയസമ്പന്നനായ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിക്ക് കരാർ പുതുക്കി നൽകി. ഒരു വർഷത്തെ കരാറാണ് ക്ലബ്ബ് അദ്ദേഹത്തിന് നൽകിയത്. ഈ കരാർ പ്രകാരം അടുത്ത സീസണിലും അദ്ദേഹത്തിന് ക്ലബ്ബിൽ തുടരാൻ സാധിക്കും. താരത്തിന് പുതിയ കരാർ നൽകിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പുറത്ത് വിട്ടു. ഹൈദരാബാദ് എഫ്സിൽ തുടരാൻ സാധിച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നാണ് ലക്ഷ്മികാന്ത് കട്ടിമണി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തോളം ക്ലബ്ബിന്റെ ഭാഗമായ തനിക്ക് ഇത്തവണ കരാർ പുതുക്കിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മികാന്ത് കട്ടിമണി മികച്ച ഗോൾകീപ്പറാണെന്ന് ഹൈദരാബാദ് എഫ്സി പരിശീലകനായ മനോലോ മാർക്വേസ് പറഞ്ഞു. ഗോൾ വലയ്ക്ക് നേരെ വരുന്ന ഷോട്ടുകൾ തടയുന്നതിൽ മാത്രമല്ല കാല് കൊണ്ട് പന്ത് നിയന്ത്രിക്കുന്നതിലും അദ്ദേഹം വിദഗ്ധനാണെന്ന് മനോലോ മാർക്വേസ് അഭിപ്രായപ്പെട്ടു. ഞങ്ങളുടെ പ്ലേയിംഗ് സ്റ്റൈലുമായി ഏറ്റവും പൊരുത്തപ്പെട്ട താരങ്ങളിലൊരാളാണ് ലക്ഷ്മികാന്ത് കട്ടിമണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 59 മത്സരങ്ങൾ കളിച്ച ലക്ഷ്മികാന്ത് കട്ടിമണി ഇത്തവണ ഹൈദരാബാദ് എഫ്സിയുടെ പ്രധാന താരമായിരുന്നു. ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഹൈദരാബാദ് എഫ്സിക്ക് അവസാന നിമിഷമാണ് പ്ലേ ഓഫ് യോഗ്യത നഷ്ടപ്പെട്ടത്. ലീഗിലെ അവസാന മത്സരത്തിൽ എഫ്സി ഗോവയോട് സമനില വഴങ്ങിയതോടെയാണ് അവർ പുറത്തായത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ യുവ താരങ്ങൾക്ക് അവസരം നൽകിയ ക്ലബ്ബാണ് ഹൈദരാബാദ് എഫ്സി. പല മത്സരങ്ങളിലും രണ്ടോ, മൂന്നോ വിദേശ താരങ്ങളെ മാത്രം കളത്തിലിറക്കി ഹൈദരാബാദ് എഫ്സി കളിച്ചിട്ടുണ്ട്. മറ്റു പല ക്ലബുകളും പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകിയപ്പോൾ യുവ താരങ്ങളിലാണ് ഹൈദരാബാദ് എഫ്സി വിശ്വാസമർപ്പിച്ചത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഇത്തവണ ഇന്ത്യൻ ദേശീയ ടീമിലേക്ക് ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്തതും ഹൈദരാബാദ് എഫ്സി തന്നെയാണ്. മൊത്തം ആറ് താരങ്ങളാണ് ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹൈദരാബാദ് എഫ്സി മികച്ച പ്രകടനം നടത്തിയ ഏഴാം സീസണിൽ 14 മത്സരങ്ങളിൽ ഗോൾ വല കാത്ത ലക്ഷ്മികാന്ത് കട്ടിമണി 6 ക്ലീൻ ഷീറ്റുകളാണ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം അടുത്ത സീസണിലും ക്ലബ്ബിന് ഗുണകരമായി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here