ലൂയിസ് മച്ചാഡോ: ഇന്ത്യൻ യുവ താരങ്ങൾക്ക് യൂറോപ്പിൽ അവസരങ്ങൾ ലഭിക്കും!

0
68

ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ലൂയിസ് മച്ചാഡോ. ഒരു ഘട്ടത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിതരായി മുന്നേറ്റം നടത്തി എതിരാളികളെ പോലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഞെട്ടിച്ചിരുന്നു. ഇത്തവണ പ്ലേ ഓഫ് വരെ എത്തിയ ടീമിന്റെ മുന്നേറ്റങ്ങളിൽ ലൂയിസ് മച്ചാഡോ നിർണായക പങ്കു വഹിച്ചിരുന്നു. ഇപ്പോൾ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ലൂയിസ് മച്ചാഡോ മനസ്സു തുറന്നത്. അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

“ഞാൻ ആദ്യമായാണ് ഇന്ത്യയിൽ വരുന്നത്. ഞാൻ ഇവിടെ വന്നത് എന്റെ കഴിവ് തെളിയിക്കാനാണ്. എനിക്കതിന് സാധിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാൻ എപ്പോഴും എന്റെ വ്യക്തിഗത പ്രകടനത്തിനേക്കാൾ പ്രാധാന്യം നൽകുന്നത് ടീമിന്റെ പ്രകടനത്തിനാണ്. എന്റെ പ്രകടനത്തിൽ ടീമിന് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചെങ്കിൽ ഒരു കളിക്കാരൻ എന്ന നിലയിൽ അതാണ് ഏറ്റവും വലിയ കാര്യം. ഇത്തവണ 7 ഗോളുകളും, 2 അസിസ്റ്റുകളും എനിക്ക് നേടാൻ സാധിച്ചു. അതിൽ ചിലതൊക്കെ അതീവ നിർണായക ഗോളുകൾ ആയിരുന്നു എന്നതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്.”

“ഇത്തവണ എന്നെ ഏറ്റവും കൂടുതൽ നിരാശനാക്കിയത് ആരാധകരുടെ അഭാവമാണ്. കൊവിഡ് പ്രതിസന്ധി കാരണം എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു. എങ്കിലും ടീമിന് പ്ലേ ഓഫ് വരെ എത്താൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ലീഗിന് ഇടയ്ക്ക് വെച്ച് ജെറാർഡ് നുസിന് പകരം ടീമിന്റെ മുഖ്യ പരിശീലകനായി ഖാലിദ് ജമീൽ ചുമതലയേറ്റിരുന്നു. ടീമിനെ പ്ലേ ഓഫ് എത്തിച്ചതിൽ ഖാലിദ് ജമീലിന്റെ പങ്ക് വളരെ വലുതാണ്. പക്ഷേ കുറഞ്ഞ ബഡ്ജറ്റിൽ ഇത്രയും മികച്ച ഒരു ടീമിനെ സൃഷ്ടിച്ചതിൽ ജെറാർഡ് നുസിനെയും നമ്മൾ അഭിനന്ദിച്ചേ മതിയാകൂ. ഒരു വിദേശ താരമെന്ന നിലയിൽ എനിക്ക് ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം എടുക്കേണ്ടി വന്നു.”

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

“പക്ഷേ പിന്നീട് ടീമിനൊപ്പം കൂടുതൽ സമയം പരിശീലനത്തിനായി ചെലവഴിച്ചതോടെ ഇവിടുത്തെ സാഹചര്യവുമായി ഞാൻ ഇണങ്ങി ചേരുകയായിരുന്നു. അതു പോലെ തന്നെ കോവിഡ് പശ്ചാത്തലത്തിൽ ആറു മാസത്തോളം ഞങ്ങൾക്ക് ബയോ ബബിളിനുള്ളിൽ കഴിയേണ്ടി വന്നു. ഇക്കാലമത്രയും ഞങ്ങൾക്ക് പുറം ലോകവുമായി നേരിട്ട് ബന്ധം ഇല്ലായിരുന്നു. ഇത് ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു.”

“എങ്കിലും നിലവിലെ സാഹചര്യത്തിൽ ഞാൻ അതുമായി പൊരുത്തപ്പെട്ടു. ഇവിടെ എത്തിയപ്പോൾ ഇന്ത്യൻ ഫുട്ബോളിനോടുള്ള കാഴ്ചപ്പാട് എനിക്ക് പൂർണമായും മാറിയിരുന്നു. വളർന്നു വരുന്ന നിരവധി യുവ താരങ്ങളെ എനിക്ക് നേരിട്ട് കാണാൻ സാധിച്ചു. അതു പോലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ക്വാളിറ്റി ഓരോ വർഷം തോറും വർദ്ധിച്ചു വരികയാണ്. വാശിയേറിയ പോരാട്ടങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നു കൊണ്ടിരിക്കുന്നത്.”

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

“ഇവിടുത്തെ പല യുവ താരങ്ങൾക്കും തീർച്ചയായും യൂറോപ്പിൽ കളിക്കാനുള്ള ക്വാളിറ്റിയുണ്ട്. കഠിനമായി പരിശ്രമിച്ചാൽ ഇന്ത്യൻ യുവ താരങ്ങൾക്ക് യൂറോപ്പിൽ അവസരങ്ങൾ ലഭിക്കും. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. അതു പോലെ ഞങ്ങളെ എല്ലാ രീതിയിലും പിന്തുണച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫാൻസിനോട് ഞാൻ എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here