ബ്രസീലിയൻ ക്ലബ്ബുമായി കരാർ ഒപ്പു വെച്ച് മാഴ്സെലിന്യോ!

0
48

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാന് വേണ്ടി കളിച്ച ബ്രസീലിയൻ താരം മാഴ്സെലിന്യോ ബ്രസീലിയൻ ക്ലബ്ബായ ഇസി ടൗബേറ്റുമായി കരാർ ഒപ്പു വെച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് 33 വയസ്സ് പ്രായമുള്ള ഈ മുന്നേറ്റ താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് പുറത്തു വിട്ടത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഒഡിഷ എഫ്സിക്കു വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ അവിടെ അദ്ദേഹത്തിന് കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം സ്വാപ്പ് ഡീലിലൂടെ എടികെ മോഹൻ ബഗാനിൽ എത്തുകയായിരുന്നു.

എടികെ മോഹൻ ബഗാൻ ടീമിലെ ഓസ്ട്രേലിയൻ മധ്യനിര താരമായ ബ്രാഡ് ഇന്മാനെ ഒഡിഷ എഫ്സിക്ക് നൽകി പകരം മാഴ്സെലിന്യോയെ ടീമിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ താരമാണ് മാഴ്സെലിന്യോ. നിലവിൽ അദ്ദേഹത്തിനുള്ള അത്രയും അനുഭവ സമ്പത്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു വിദേശ താരത്തിനും ഇല്ല എന്നു തന്നെ പറയാം.

2016-ലാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. അന്ന് ഡെൽഹി ഡൈനാമോസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. തന്റെ അരങ്ങേറ്റ സീസണിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും പ്രകടനം കാഴ്ച വെച്ച താരം ഡെൽഹി ഡൈനാമോസിനെ ഐഎസ്എൽ പ്ലേസ് ഓഫ് വരെ എത്തിച്ചിരുന്നു.

2016-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ 15 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകൾ നേടി ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയിരുന്നു. ആദ്യ സീസണ് ശേഷം ക്ലബ്ബ് വിട്ട താരം എത്തിച്ചേർന്നത് പൂനെ സിറ്റി എഫ്സിയിലാണ്. അവിടെ രണ്ടു വർഷത്തോളം കളിച്ച താരം 16 ഗോളുകളാണ് നേടിയത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

2019-ൽ ഹൈദരാബാദ് എഫ്സിയിലെത്തിയ താരത്തിന് പ്രതീക്ഷിച്ച രീതിയിൽ ഗോളുകൾ നേടാൻ സാധിച്ചില്ല. ക്ലബ്ബിന്റെ നിരാശാജനകമായ പ്രകടനവും താരത്തിന് തിരിച്ചടിയായി മാറി. ഹൈദരാബാദ് എഫ്സി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി സീസൺ അവസാനിപ്പിച്ച ആ സീസണിൽ വെറും 7 ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്.

തൊട്ടടുത്ത വർഷം ഒഡിഷ എഫ്സിയിൽ എത്തിയ താരത്തിന് നിരാശയായിരുന്നു ഫലം. ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. വെറും 8 മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. പിന്നീട് എടികെ മോഹൻ ബഗാനിലെത്തിയ താരത്തിന് തുടർന്നുള്ള എല്ലാ മത്സരങ്ങളിലും അവസരം ലഭിച്ചു. 6 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിൽ 79 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള താരം 33 ഗോളുകളും, 18 അസിസ്റ്റുകളുമാണ് നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയ താരങ്ങളിൽ മൂന്നാമതാണ് അദ്ദേഹത്തിന്റെ സ്ഥാനം. പ്രതിഭാശാലിയായ ഈ താരത്തിന്റെ അസാന്നിധ്യം അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്ക് നിരാശ സമ്മാനിക്കും.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

LEAVE A REPLY

Please enter your comment!
Please enter your name here