മാർക്കോ പെസായുവോളി: അടുത്ത സീസണിലേക്ക് വേണ്ടത് മികച്ച ടീമാണ്!

0
69

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ബെംഗളൂരു എഫ്സിക്ക് നിരാശയായിരുന്നു ഫലം. എന്നാൽ പുതിയ പരിശീലകനായ മാർക്കോ പെസായുവോളിക്ക് കീഴിൽ എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിനിറങ്ങിയ ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാൾ ക്ലബ്ബായ ട്രിഭുവൻ ആർമിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിൽ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞത് എതിരാളികളെ അടിസ്ഥാനമാക്കാതെയുള്ള പരിശീലന രീതികളാണെന്നാണ് ബെംഗളൂരു എഫ്സി പരിശീലകനായ മാർക്കോ പെസായുവോളി പറഞ്ഞത്. ഞങ്ങൾക്ക് ഏതൊക്കെ മേഖലകളിലാണ് മെച്ചപ്പെടാൻ ഉള്ളത് എന്നതിനെ ആശ്രയിച്ചാണ് ഞങ്ങൾ പരിശീലനം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മത്സര ശേഷം നടന്ന അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. അദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി മാത്രമല്ല ഞങ്ങൾ പരിശീലനം നടത്തുന്നത്. അടുത്ത ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മികച്ച ഒരു ടീമിനെ തന്നെ എനിക്ക് അണിനിരത്തണം. അതു കൂടി മുന്നിൽ കണ്ടാണ് ടീമിലെ ഓരോ അംഗവും പരിശീലനം നടത്തുന്നത്.

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായുള്ള ഒരു പ്രീ സീസൺ ആയാണ് ഇപ്പോഴുള്ള മത്സരങ്ങളെ ഞാൻ കാണുന്നത്. അതിനാൽ എൻ്റെ ഓരോ നിമിഷവും ടീമിനൊപ്പം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ടീമിനെ ഒന്നടങ്കം മികച്ച നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. ഓരോ മത്സരത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ടീം ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്.

ട്രിഭുവൻ ആർമിയെ മികച്ച മാർജിനിൽ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. മത്സരത്തിൽ ബ്രസീലിയൻ താരം ക്ലെയ്റ്റൺ സിൽവയും, വിങ്ങ് ബാക്ക് താരം രാഹുൽ ഭേക്കേയും ഇരട്ട ഗോളുകൾ നേടി. ശേഷിക്കുന്ന ഒരു ഗോൾ സ്വന്തമാക്കിയത് ടീം ക്യാപ്റ്റനായ സുനിൽ ഛേത്രിയാണ്. ടീമിനായി രണ്ടു താരങ്ങൾ ഇരട്ട ഗോളുകൾ നേടിയത് ശുഭ സൂചനയാണ്. സുനിൽ ഛേത്രിയും പതിവു പോലെ സ്കോർ ഷീറ്റിൽ ഇടം നേടി.

ഇനി അടുത്ത മത്സരത്തിൽ ഞങ്ങൾക്ക് നേരിടേണ്ടത് ബംഗ്ലാദേശിന്റെ അബഹാനി ധാക്കയും, മാലിദ്വീപ് ക്ലബ്ബ് ഈഗിൾസും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ്. അടുത്ത മത്സരത്തിലും വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഞങ്ങൾ ലക്ഷ്യം വെക്കുന്നില്ല. ആദ്യ മത്സരത്തിൽ ഞങ്ങൾ നേടിയ അഞ്ച് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. അതും വെറും 15 മിനിറ്റിനുള്ളിൽ. രണ്ടാം പകുതിയിൽ നടത്തിയ അതേ ആക്രമണ ഫുട്ബോളാണ് ഇനിയുള്ള മത്സരങ്ങളിലും ഞങ്ങൾ പുറത്തെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here