കിരീടം നിലനിർത്താനൊരുങ്ങി മുംബൈ സിറ്റി എഫ്സി

0
1168

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയാണ് നിലവിലെ ലീഗ് ചാമ്പ്യന്മാർ. ഐഎസ്എൽ കിരീടത്തോടൊപ്പം ഐഎഫ്എ ഷീൽഡും അവർ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് അവർ ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഐഎഫ്എ ഷീൽഡും, ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും ഒരു ക്ലബ്ബ് തന്നെ സ്വന്തമാക്കുന്നത്. ഇത്തവണയും കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ അവർ പ്രതീക്ഷിക്കുന്നില്ല. ഫൈനലിൽ എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയാണ് അവർ കന്നിക്കിരീടം നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ അവർക്ക് റെക്കോർഡ് നേട്ടം സമ്മാനിച്ച സ്പാനിഷ് പരിശീലകനായ സെർജിയോ ലൊബേര ഇത്തവണ മുംബൈ സിറ്റിക്കൊപ്പം ഉണ്ടാവില്ല. സിറ്റി ഗ്രൂപ്പിൻ്റെ തന്നെ മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കാനാണ് അദ്ദേഹം മുംബൈ സിറ്റി വിട്ട് പോയിരിക്കുന്നത്. സെർജിയോ ലൊബേരയ്ക്ക് പകരം ഇത്തവണ ടീമിനെ പരിശീലിപ്പിക്കുക ഡെസ് ബെക്കിങ്ഹാമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണിൽ കിരീടം നേടിയ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് മുംബൈ സിറ്റി എഫ്സി ഇത്തവണ കളത്തിലിറങ്ങുക. ടീമിലെ പ്രധാനപ്പെട്ട പല വിദേശ താരങ്ങളും ഇത്തവണ അവരോടൊപ്പമില്ല. വിദേശ താരങ്ങളിൽ മധ്യനിര താരം അഹമ്മദ് ജാഹൂ, പ്രതിരോധ താരം ഫാൾ എന്നിവരെ മാത്രമാണ് അവർ നിലനിർത്തിയത്.

പുതുതായി ടീമിലെത്തിയ വിദേശ താരങ്ങൾ കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയ സ്പാനിഷ് മുന്നേറ്റ താരം ഈഗോർ അംഗുലോ, ബ്രസീലിയൻ മുന്നേറ്റ താരം ഈഗോർ കറ്റാറ്റു, ബ്രസീലിയൻ മധ്യനിര താരം കാസിന്യോ, ഓസ്ട്രേലിയൻ മധ്യനിര താരം ബ്രാഡ് ഇന്മാൻ എന്നിവരാണ്. പുതിയ വിദേശ താരങ്ങളുടെ കരുത്തിൽ മുംബൈ സിറ്റിയ്ക്ക് കിരീടം നിലനിർത്താൻ കഴിയുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റു നോക്കുന്നത്.

പരിചയസമ്പന്നരായ വിദേശ താരങ്ങൾക്കു പുറമേ മികച്ച ഇന്ത്യൻ താരങ്ങളെയും മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകയ്ക്ക് ഇന്ത്യൻ യങ്ങ് സെൻസേഷൻ അപ്പൂയയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് സ്വന്തമാക്കിയ മുംബൈ സിറ്റി പിന്നീട് മൊഹമ്മദ് നവാസ്, രാഹുൽ ഭേക്കെ, നവോച്ച സിംഗ്, ഗുർകീരത് സിംഗ് തുടങ്ങിയ ക്വാളിറ്റി സൈനിംഗുകളും നടത്തിയിട്ടുണ്ട്. പുതിയ സീസണിൽ മുംബൈ സിറ്റിയ്ക്ക് കിരീടം നിലനിർത്താൻ കഴിയുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here