ഇറാനില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് യുവ ദേശീയ ഗുസ്തി ചാമ്പ്യനെ തൂക്കിലേറ്റി!

0
194

ഇറാനില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് കായിക താരത്തെ തൂക്കിലേറ്റി. ഇരുപത്തേഴ് വയസുള്ള ദേശീയ ഗുസ്തി ചാമ്പ്യന്‍ നവീദ് അഫ്കാരിയുടെ വധശിക്ഷയാണ് ഇറാന്‍ നടപ്പിലാക്കിയത്. ഷിറാസ് നഗരത്തിലെ ജയിലില്‍ വെച്ചാണ് അഫ്കാരിയെ തൂക്കിലേറ്റിയതെന്ന് ഇറാനിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഒടുവിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അപേക്ഷയും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഇറാന്‍ അത് ചെവിക്കൊണ്ടിരുന്നില്ല. 85000 അത്‌ലറ്റുകളുടെ ആഗോള സംഘനയായ വേള്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷനും ആംനസ്റ്റി ഇന്റര്‍നാഷണലും വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

2018 ല്‍ നവീദ് അഫ്കാരി ഉള്‍പ്പെടുന്നവര്‍ സര്‍ക്കാറിനെതിരെ തെരുവില്‍ നടത്തിയ പ്രക്ഷോഭത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരെന്ന് ആരോപിച്ച് അഫ്കാരിക്ക് വധശിക്ഷ വിധിച്ചത്. നവീദ് അഫ്കാരിയുടെ സഹോദരന്‍മാരായ വാഹിദിന് 54 വര്‍ഷത്തേക്കും ഹബീബിന് 27 വര്‍ഷത്തേക്കും ജയില്‍ ശിക്ഷയാണ് ഇതേ കേസില്‍ വിധിച്ചത്. എന്നാൽ തെരുവിൽ നടന്ന പ്രതിഷേധത്തില്‍ ആരോപിക്കപ്പെടും പോലെ ആരെങ്കിലും കൊല്ലപ്പെട്ടുവെന്നതിന് തെളിവില്ലെന്ന് അഫ്കാരിയുടെ അഭിഭാഷികന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആരോപിക്കപ്പെട്ട കുറ്റം ചെയ്തതായി കാണാന്‍ സാധിച്ചില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കൃത്യതയോടെയും ആധികാരികതയോടെയും കൂടുതൽ സ്പോർട്സ് വാർത്തകൾ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. [ലിങ്ക്]

“ഇത് എന്റെ മക്കള്‍ക്ക് നേരെ നടന്ന ഗൂഡാലോചനയാണെന്നാണ്. രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ പ്രതിഷേധിച്ചതിന് എന്റെ മക്കള്‍ കരുവാക്കപ്പെടുകയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മരിക്കുന്നതിന് മുമ്പ് കുടുംബത്തെ കാണുവാന്‍ അഫ്കാരി ആഗ്രഹിച്ചിരുന്നു. നിയമപ്രകാരം അതിനുള്ള അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാരത് നിഷേധിച്ചു.” അഫ്കാരിയുടെ മാതാവ് വേദനയോടെ പറഞ്ഞു.

Brothers of Navid Afkari

സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷേധിച്ചുവെന്ന ഒറ്റക്കാരണത്താല്‍ യുവകായിക താരത്തിന് വധശിക്ഷ നടപ്പിലാക്കിയ ഇറാനെ ലോക കായിക രംഗത്തു നിന്നും വിലക്കണമെന്ന ആവശ്യം ശക്തമാണ്. “നടുക്കുന്ന വാര്‍ത്തയാണിത്, ലോകം മുഴുവനുമുള്ള കായിക താരങ്ങള്‍ അപേക്ഷിച്ചിട്ടും ഇറാന്‍ ഭരണകൂടം അത് കണ്ടില്ലെന്ന് നടിച്ചത് ഞെട്ടിക്കുന്നതാണ്” ഒളിമ്പിക് സമിതി വാര്‍ത്താ കുറിപ്പില്‍ പ്രതികരിച്ചു.

കഴുമരത്തിലേറ്റും മുമ്പ് പുറത്ത് വന്നിരുന്ന അഫ്കാരിയുടെ ഓഡിയോയിൽ, താനൊരു നിരപരാധിയാണെന്നും, മാനസികമായും ശാരീരികമായും തളര്‍ത്തി കുറ്റം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും അഫ്കാരി പറയുന്നു. എന്നെങ്കിലും തൂക്കിലേറ്റപ്പെട്ടാള്‍ പൊതുസമൂഹം നീതി നടപ്പിലായെന്ന് വിശ്വസിക്കരുത്. എല്ലാത്തരത്തിലും അനീതിക്കും അന്യായത്തിനുമെതിരെ പോരാട്ടം നടത്തിയ ഒരു മനുഷ്യന്റെ മരണം സംഭവിച്ചെന്ന് ഉള്‍ക്കൊള്ളണമെന്നും അഫ്കാരി പറഞ്ഞിരുന്നു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് [ലിങ്ക്]

LEAVE A REPLY

Please enter your comment!
Please enter your name here