ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിക്ക് പുതിയ ഗോൾകീപ്പിംഗ് പരിശീലകൻ. മനു പാട്രീസിയോയാണ് ഒഡിഷ എഫ്സിയുടെ പുതിയ ഗോൾകീപ്പിംഗ് പരിശീലകനായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഫുട്ബോൾ രംഗത്ത് നിരവധി ക്ലബ്ബുകളിൽ പ്രവർത്തിച്ച് അനുഭവസമ്പത്തുള്ള വ്യക്തിയാണ് മനു പാട്രീസിയോ.
അർജൻ്റീന തലസ്ഥാനമായ ബ്യൂണസ് ഐറീസിലാണ് അദ്ദേഹത്തിൻ്റെ ജനനം. തൻ്റെ കരിയറിൽ കൂടുതലും സ്പെയിനിലെ ക്ലബ്ബുകളെയാണ് അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. എസ്പാന്യോൾ ഡി ബാഴ്സലോണ, റിയൽ സോസിഡാഡ്, ഒസാസുന തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകളിൽ ഗോൾകീപ്പിംഗ് പരിശീലകനായി അദ്ദേഹം ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും ക്ലബ്ബിൻ്റെ മുന്നോട്ടുള്ള ലക്ഷ്യങ്ങളും, അവർ അവതരിപ്പിച്ച മികച്ച പ്രൊജക്ടുമാണ് ഒഡിഷ എഫ്സി തിരഞ്ഞെടുക്കാനുണ്ടായ കാരണമെന്നാണ് മനു പാട്രീസിയോ പറഞ്ഞത്.
എന്നെ സംബന്ധിച്ച് ഈ ക്ലബ്ബിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഒരു ഗോൾകീപ്പിംഗ് പരിശീലകൻ എന്ന നിലയിൽ എൻ്റെ ദീർഘ നാളത്തെ അനുഭവസമ്പത്തും, എൻ്റെ അറിവും പൂർണമായും ക്ലബ്ബിനായി നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എൻ്റെ മികച്ച പ്രവർത്തനത്തിലൂടെ ക്ലബ്ബിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനും ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡിഷ എഫ്സിയുടെ ഗോൾകീപ്പിംഗ് പരിശീലകനായ ജാക്വലിൻ വലേരിയോ ഒലിവേര കുടുംബ സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം അടുത്തിടെയാണ് തൻ്റെ സ്വദേശമായ സ്പെയിനിലേക്ക് മടങ്ങിയത്. അദ്ദേഹം പോയ ഒഴിവിലേക്കാണ് പുതിയ ഗോൾകീപ്പിംഗ് പരിശീലകനായി മനു പാട്രീസിയോ ചുമതല ഏറ്റെടുത്തത്.