നിഷു കുമാർ ഇനി ബ്ലാസ്റ്റേഴ്സിന് സ്വന്തം!

1
4922
Nishu Kumar, Blasters

നിഷു കുമാറിന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ????

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ വമ്പൻ ട്രാൻസ്ഫർ.
ബെംഗളൂരു എഫ് സിയിൽ നിന്നാണ് നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.
4 വർഷത്തേക്കാണ് കരാർ. റെക്കോർഡ് തുകയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് നിഷു കുമാറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.

ആരാണ് നിഷു കുമാർ ?

നിഷു കുമാർ ടഷ്നി ????⚫️

ഇന്ത്യൻ ഇന്റർനാഷണൽ ????????

ഫുൾ ബാക്ക്.
ലെഫ്റ്റ് ഫൂട്ടഡ് ഫുട്ബോളർ.
ഉത്തർപ്രദേശിലെ മുസഫാനഗർ സ്വദേശി.
22 വയസ്സ് ആണ് പ്രായം.

രണ്ടു വിങ്ങുകളിലും ഒരുപോലെ കളിക്കാൻ കഴിവുള്ള വിങ്ബാക്ക് ആണ് നിഷു കുമാർ.

ഉത്തർപ്രദേശിലെ മുസാഫാനഗറിലെ മലയിടുക്കുകളിൽ പന്തു തട്ടി നടന്ന കുട്ടിക്കാലത്തു തന്നെ ഫുട്ബാളിൽ ഉയരങ്ങളിൽ എത്തണം എന്ന മോഹം നിഷുവിൽ ഉദിച്ചിരുന്നു. ക്രിക്കറ്റിനു പ്രധാന്യം നൽകിയിരുന്ന ഉത്തർപ്രദേശിലെ മുസഫാനഗറിൽ തന്റെ വീടിനു സമീപത്തെ കളിമൺ ഗ്രൗണ്ട് നിഷു കുമാറിനു അനുഗ്രഹമായി മാറി. ഗ്രൗണ്ടിൽ കൂട്ടുകാരോടൊത്തു ഫുട്ബോൾ കളിക്കുന്ന സമയങ്ങളിലും പ്രതിഭയുടെ മിന്നലാട്ടങ്ങൾ നിഷു കുമാറിൽ പ്രകടമായിരുന്നു. ആ സമയങ്ങളിൽ തന്നെ ഒരു ഫുട്ബോൾ അക്കാഡമിയിൽ എത്തിച്ചേരുന്നതിനുള്ള ശ്രമങ്ങൾ നിഷു ആരംഭിച്ചിരുന്നു.

അക്കാലത്തു പത്രത്താളുകളിൽ നിന്നാണ് ചണ്ഡീഗഢ് ഫുട്ബോൾ അക്കാഡമി ട്രയൽസിനെക്കുറിച്ചു നിഷു കുമാർ അറിയുന്നത്. നിഷു കുമാർ എന്ന പ്രതിഭയുടെ കരിയറിൽ നിർണ്ണായക വഴിത്തിരുവായതും ആ ട്രയൽസ് തന്നെ ആയിരുന്നു. ട്രയൽസിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച നിഷു കുമാറിനെ പ്രശസ്തമായ ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിലേക്ക് തിരഞ്ഞെടുത്തു.

ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിൽ 4 വർഷത്തോളം ഫുട്ബോളിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കുകയും ഒരു ഫുട്ബോളർ ആയി രൂപപ്പെടുകയും ചെയ്ത നിഷു കുമാറിനു 2011-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റീജിയണൽ അക്കാദമിയിലേക്ക് പ്രവേശനം കിട്ടി. ടാറ്റാ ഗ്രൂപ്പും “ഇന്റർമിലാൻ ” സോക്കർ സ്റ്റാർസും സംയുക്തമായി നടത്തിയ ടാലന്റ് ഹണ്ടിലൂടെയായിരുന്നു പ്രവേശനം.മുംബൈ ആയിരുന്നു ലൊക്കേഷൻ. 2 വർഷത്തോളം മുംബൈയിലെ എ ഐ എഫ് എഫ് റീജിയണൽ അക്കാഡമിയിൽ പരിശീലനം നേടിയ നിഷു കുമാറിനു പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ 2013-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഗോവയിലെ എലൈറ്റ് അക്കാഡമിയിലേക്ക് പ്രവേശനം ലഭിച്ചു.

എ ഐ എഫ് എഫ് എലൈറ്റ് അക്കാഡമിയിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ നിഷുവിനെ ഇന്ത്യൻ അണ്ടർ -19 ടീമിലേക്കും ഐ ലീഗ് അണ്ടർ -19 ടീമിലേക്കും തിരഞ്ഞെടുത്തു.ഇംഗ്ലീഷ് പരിശീലകൻ ലീ ജോൺസണു കീഴിൽ ഉള്ള എ എഫ് സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്കായിരുന്നു നിഷുവിനെ തിരഞ്ഞെടുത്തത്. ചാങ്‌തെ, വിനീത് റായ്, ആഷിക്ക് കരുണിയൻ, സാർതക് ഗൊലോയ് തുടങ്ങിയ പ്രതിഭാധനരായ യുവ താരങ്ങൾക്കൊപ്പമാണ് നിഷു കുമാർ ഇന്ത്യൻ അണ്ടർ-19 ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതും കളിച്ചതും.

ഇന്ത്യൻ അണ്ടർ-19 ടീമിലും ഐ ലീഗ് അണ്ടർ-19 ടീമിലും മികച്ച പ്രകടനം തുടർന്ന നിഷു കുമാർ ബെംഗളൂരുവിൽ നടന്ന സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സിക്കെതിരെ നടത്തിയ തകർപ്പൻ പ്രകടനം അവരുടെ സ്കൗട്ടിങ്‌ ടീമിന്റെ ശ്രദ്ധയാകർഷിക്കുകയും ഒട്ടും വൈകാതെ 2015-ൽ ബെംഗളൂരു എഫ് സി നിഷു കുമാറിനെ ടീമിൽ എത്തിക്കുകയും ചെയ്തു. 17 വയസ്സ് മാത്രം ആയിരുന്നു അന്നു നിഷുവിന്റെ പ്രായം.2 വർഷത്തേക്കായിരുന്നു കരാർ. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി കരാർ പുതുക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾക്കൊള്ളുന്നതായിരുന്നു കരാർ.

ബെംഗളൂരു എഫ് സിക്കായി ആ സീസണിൽ ബെംഗളൂരു സൂപ്പർ ഡിവിഷൻ മത്സരങ്ങളിൽ ആണ് നിഷു കുമാർ ആദ്യമായി കളിക്കാനിറങ്ങിയത്.
ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് ആയിരുന്നു അന്നു ബെംഗളൂരു എഫ് സി സീനിയർ ടീമിന്റെ പരിശീലകൻ. ഇന്ത്യൻ അണ്ടർ-19 ടീമിൽ നിന്നും തനിക്കൊപ്പം എത്തിയ ഡാനിയലിനും മ്വാസംസുവാലയ്ക്കും ബെംഗളൂരു എഫ് സി സീനിയർ ടീമിൽ ആഷ്‌ലി വെസ്റ്റ് വുഡ് അവസരങ്ങൾ നൽകുകയും എന്നാൽ തനിക്കു അവസരം നൽകാതിരിക്കുകയും ചെയ്തതു നിഷുവിനെ നിരാശനാക്കി. ആഷ്‌ലി വെസ്റ്റ് വുഡിന്റെ ക്യാബിനിലെത്തി എന്തു കൊണ്ടാണ് തന്നെ പരിഗണിക്കാത്തതെന്നു നിഷു കുമാർ അദ്ദേഹത്തോടു നേരിട്ടു ചോദിക്കുകയും ചെയ്തു.

“നിനക്കുള്ള അവസരം വരും എന്നും നീ മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും നീ ഞങ്ങളുടെ ഭാവി പദ്ധതികളിൽ ഉൾപ്പെട്ട താരം ആണെന്നും ആഷ്‌ലി വെസ്റ്റ് വുഡ് അന്നു നിഷു കുമാറിനു മറുപടി നൽകി”.

സൂപ്പർ ഡിവിഷൻ ലീഗിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2016-ലെ എ എഫ് സി കപ്പിൽ മ്യാൻമാർ ക്ലബിനെതിരെയുള്ള മത്സരത്തിൽ കളിക്കാൻ നിഷു കുമാറിനു ആഷ്‌ലി വെസ്റ്റ് വുഡ് അവസരം നൽകി. ബെംഗളൂരു എഫ് സി സീനിയർ ടീമിൽ നിഷു കുമാറിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ആ എ എഫ് സി കപ്പ് മത്സരം. അന്നു ഐ ലീഗിൽ മത്സരിച്ചിരുന്ന ബെംഗളൂരു എഫ് സിയ്ക്ക് വേണ്ടി ആ സീസണിലെ അവസാന മത്സരത്തിൽ നിഷു കുമാർ കളിക്കാനിറങ്ങി.മോഹൻ ബഗാനെതിരെയായിരുന്നു നിഷു കുമാറിന്റെ ഐ ലീഗ് അരങ്ങേറ്റം.

അവിടെയും മികച്ച പ്രകടനം തുടർന്ന നിഷു കുമാറിനെ 2017-ൽ പലസ്തിനിൽ നടന്ന എ എഫ് സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിൽ ഉൾപ്പെടുത്തി. അതേ വർഷം തന്നെ എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലും ഖത്തറിൽ നടന്ന എ എഫ് സി അണ്ടർ-23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലും നിഷു കുമാർ ഇടം നേടി.

തുടർന്നു ബെംഗളൂരു എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ 2017-2018 സീസണിൽ സ്പാനിഷ് ടാക്റ്റീഷ്യൻ ആൽബർട്ടോ റോക്കയുടെ കീഴിൽ 9 മത്സരങ്ങളിൽ ആണ് നിഷു കുമാർ കളിച്ചത്. എങ്കിലും പ്രഗത്ഭനായ പരിശീലകനു കീഴിൽ 9 മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞതിലും നിഷു കുമാർ പൂർണ്ണ തൃപ്തൻ ആയിരുന്നു. ആൽബർട്ടോ റോക്കയുടെ പൂർണ്ണ പിന്തുണ നിഷു കുമാറിനുണ്ടായിരുന്നു.

“നിനക്കു അവസരങ്ങൾ ഉണ്ടാകും എന്നും നീ മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും നീ ഭാവിയുടെ താരം ആണെന്നുമാണ് ആൽബർട്ടോ റോക്ക നിഷുവിനോടു പറഞ്ഞത്”. ആഷ്‌ലി വെസ്റ്റ് വുഡിനു സമാനമായ വാക്കുകൾ തന്നെയായിരുന്നു പരിചയസമ്പന്നനായ ആൽബർട്ടോ റോക്കയിൽ നിന്നും ഉണ്ടായത്.

ആൽബർട്ട് റോക്കയിൽ നിന്നും സഹ പരിശീലകൻ കാർലെസ് ക്വാഡ്റാറ്റ് ബെംഗളൂരു എഫ് സിയുടെ മുഖ്യ പരിശീലക ചുമതലയേറ്റെടുത്ത 2018 സീസൺ മുതൽ ആണ് നിഷുവിന്റെ തലവര തെളിഞ്ഞത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയുടെ സൂപ്പർ താരങ്ങളിൽ ഒരാൾ ആയി മാറിയ നിഷു കുമാറിനെ ദേശീയ ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ അമാനിൽ ജോർദാനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യൻ സീനിയർ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നിഷു കുമാർ ഇന്ത്യയ്ക്കായി ഗോളും നേടി. പക്ഷെ മത്സരത്തിൽ ഇന്ത്യ 2-1 സ്കോറിന് പരാജയപ്പെട്ടു. ക്യാമ്പിൽ ഉൾപ്പടെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാചിന്റെ പ്രശംസയ്ക്ക് പാത്രം ആകാനും ഇതിലൂടെ നിഷുവിനു കഴിഞ്ഞു.

കാർലസിന് കീഴിൽ അവസാന രണ്ടു സീസണുകളിൽ മാത്രം നിഷു കുമാർ 36 മത്സരങ്ങൾ ആണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്കായി കളിക്കാനിറങ്ങിയത്. 2018-2019 സീസണിൽ 18 മത്സരങ്ങൾ ബെംഗളൂരു എഫ് സി ജേഴ്‌സിയിൽ കളിക്കാനിറങ്ങിയ നിഷു കുമാർ 1477 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്നു. ഒരു ഗോളും സ്വന്തം പേരിൽ കുറിച്ചു. 564 പാസ്സുകളും 853 ടച്ചുകളും 25 ഇന്റർസെപ്ഷൻസും 54 ക്ലിയറൻസും ഇതിൽ ഉൾപ്പെടുന്നു. 31.33 ആയിരുന്നു നിഷുവിന്റെ ആ സീസണിലെ പാസിങ് ആവറേജ്. ആ സീസണിൽ എഫ് സി ഗോവയെ തോല്പിച്ചു ബെംഗളൂരു എഫ് സിയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിഷു കുമാറിന്റെ പ്രകടനവും നിർണ്ണായകമായി.

2019-2020 സീസണിലും നിഷു ബെംഗളൂരു എഫ് സിക്കായി 18 മത്സരങ്ങളിൽ കളിക്കാനിറങ്ങി.1473 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്ന നിഷു ഒരു തകർപ്പൻ ഗോളും നേടി.565 പാസ്സുകളും 853 ടച്ചുകളും 25 ഇന്റർസെപ്ഷ്ൻസും 72 ക്ലിയറൻസും ഇതിൽ ഉൾപ്പെടുന്നു.31.39 ആയിരുന്നു കഴിഞ്ഞ സീസണിൽ ഓരോ മത്സരത്തിലെയും നിഷുവിന്റെ പാസ്സിങ് ശരാശരി.

നിഷു എന്ന ഫുൾ ബാക്കിന്റെ സാന്നിദ്ധ്യം ബെംഗളൂരു എഫ് സി എന്ന ടീമിനു എത്ര മാത്രം പ്രധാനമായിരുന്നു എന്നു ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

5 സീസണുകളിൽ ആയി 55 മത്സരങ്ങൾ ആണ് നിഷു കുമാർ ബെംഗളൂരു എഫ് സി ജേഴ്‌സിയിൽ കളിക്കാനിറങ്ങിയത്.ഇതിൽ 36 മത്സരങ്ങളും അവസാന രണ്ടു സീസണുകളിൽ ആയിരുന്നു.

ഫുൾബാക്ക് ആണെങ്കിലും വിങ്ങുകളിലൂടെ കുതിച്ചെത്താനും ലോങ്ങ്‌ റേഞ്ച് ഷോട്ടുകൾ എടുക്കാനും കഴിവുള്ള താരമാണ് നിഷു കുമാർ.കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സിക്കെതിരെ നിഷു കുമാർ ബുള്ളറ്റ് ഷോട്ടിലൂടെ നേടിയ ഗോൾ ആരും മറക്കാനിടയില്ല. മാൻ മാർക്കിങ്ങിലും ടാക്ലിങ്ങിലും ഏരിയൽ ബോളുകളിലും മികവ് പുലർത്തുന്ന താരമായ നിഷു കുമാർ മുന്നേറ്റത്തിലും തന്റേതായ പങ്കു വഹിക്കാൻ കഴിവുള്ള താരമാണ്. കഠിനാദ്ധ്വാനിയാണ് നിഷു കുമാർ.

5 സീസണുകൾ നീണ്ട ബെംഗളൂരു എഫ് സിയിലെ പരിശീലനം നിഷു കുമാറിലെ പ്രതിഭയെ മിനുക്കിയെടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല.

ബെംഗളൂരു എഫ് സിയുടെ പരിശീലകർ ആയിരുന്ന ആഷ്‌ലി വെസ്റ്റ് വുഡ്, ആൽബർട്ടോ റോക്ക,കാർലസ് ക്വാഡ്രാറ്റ് തുടങ്ങിയവർ നിഷു കുമാറിന്റെ കരിയറിൽ നിർണ്ണായക പങ്കു വഹിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനം ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന മുഹമ്മദ്‌ റാകിപ് ടീം വിട്ടപ്പോഴാണ് പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. കരാർ അവസാനിച്ച റാകിപിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് താല്പര്യം ഉണ്ടായിരുന്നു. വമ്പൻ ഓഫർ നൽകിയെങ്കിലും റാകിപ് സ്വന്തം ഇഷ്ടപ്രകാരം മുംബൈ സിറ്റി എഫ് സിയിലേക്ക് മാറുകയായിരുന്നു.

റാകിപ് ഒഴിച്ചിട്ട റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ അവനെക്കാൾ മത്സര പരിചയം ഉള്ള മികച്ച താരത്തെ എത്തിക്കണം എന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ലക്ഷ്യം കൊണ്ടെത്തിച്ചത് നിഷു കുമാറിൽ ആയിരുന്നു. ഒരിക്കലും നിരസിക്കാൻ കഴിയാത്ത വമ്പൻ ഓഫർ തന്നെ ബ്ലാസ്റ്റേഴ്‌സ് നിഷു കുമാറിന് മുന്നിൽ വെച്ചു. ഇതിനോടൊപ്പം തന്നെ ഒരു മികച്ച ലെഫ്റ്റ് വിങ് ബാക്കിനെ തേടുന്ന എ ടി കെയും ജാംഷെഡ്പൂർ എഫ് സിയും ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും നിഷുവിനായി കടുത്ത മത്സരം തന്നെ നടത്തി. ബെംഗളൂരു എഫ് സിയും കരാർ പുതുക്കാനായി നിഷുവിൽ സമ്മർദ്ദം ചെലുത്തി.

അങ്ങനെ 5 വമ്പൻ ക്ലബുകളുമായുള്ള ശക്തമായ മത്സരത്തിനൊടുവിൽ ആണ് ഒരു പ്രതിരോധനിര താരത്തിനു ലഭിക്കുന്ന റെക്കോർഡ് തുകയ്ക്ക് നിഷു കുമാറിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്. 4 വർഷത്തെ കരാറിൽ ആണ് ബ്ലാസ്റ്റേഴ്‌സ് നിഷു കുമാറിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.

ബെംഗളൂരു എഫ് സിയിലും ഇന്ത്യൻ സീനിയർ ടീമിലും ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ റാകിപ് ഒഴിച്ചിട്ട റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ തന്നെയായിരിക്കും കളിക്കാൻ പോകുന്നത്. ലെഫ്റ്റ് വിങ് ബാക്ക് ആയി ജെസ്സൽ തകർത്തു കളിക്കുന്നതിനാൽ ആ പൊസിഷനിൽ നിഷുവിനെ പരിഗണിക്കില്ല എന്നുറപ്പാണ്.

പരിശീലന വേളകളിൽ പോലും ഗോൾ നേടാൻ ആഗ്രഹിക്കുന്ന എന്നാൽ പ്രതിരോധത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലാത്ത നിഷു കുമാർ എന്ന ഫുൾബാക്ക് ഇന്നു ഇന്ത്യയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാൾ ആണ് എന്നു നിസ്സംശയം പറയാം.

മുംബൈയിലെ എ ഐ എഫ് എഫ് റീജിയണൽ അക്കാഡമിയിൽ തനിക്കു ലഭിച്ച “22” ആം നമ്പർ ജേഴ്സി ഭാഗ്യമായി കരുതുന്ന നിഷു കുമാർ ബെംഗളൂരു എഫ് സിയിലും അതേ നമ്പർ ജേഴ്സി തന്നെയാണ് തിരഞ്ഞെടുത്തത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ 7 തവണ എമേർജിങ് പ്ലെയർ പുരസ്കാരവും നിരവധി തവണ ഹീറോ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിട്ടുള്ള പ്രതിഭാശാലിയായ നിഷു കുമാർ കിബു വികുന എന്ന ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്റ്റീഷ്യനു വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഒരുപാട് പ്രതീക്ഷകളുമായി വരുന്ന സീസണിൽ കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് നിഷു കുമാർ എന്ന യുവ പ്രതിഭയുടെ സാന്നിദ്ധ്യം മുതൽക്കൂട്ടാകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.. ????

Written by Laxmikanat | Edited by Joshna sharon Johnson

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here