ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തി ഏവരെയും ഞെട്ടിച്ചിരുന്നു. ഇന്ത്യൻ പരിശീലകനായ ഖാലിദ് ജമീലിന് കീഴിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ ചരിത്ര നേട്ടം ആവർത്തിച്ചത്. ഐഎസ്എല്ലിൽ ആദ്യമായാണ് ഇന്ത്യൻ പരിശീലികൻ്റെ കീഴിലുള്ള ടീം പ്ലേ ഓഫിൽ എത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസൺ ആരംഭിച്ചപ്പോൾ സ്പാനിഷ് വംശജനായ ജെറാർഡ് നസ് ആയിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ മുഖ്യ പരിശീലകൻ. ലീഗിൻ്റെ തുടക്കത്തിൽ പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ച വെച്ച ടീം ഇടയ്ക്ക് വെച്ച് തീർത്തും നിറം മങ്ങിപ്പോയിരുന്നു. ഇതോടെ മുഖ്യ പരിശീലകനായ ജെറാർഡ് നസിനെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു.

മുഖ്യ പരിശീലകനെ പുറത്താക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സഹപരിശീലകനായ ഖാലിദ് ജമീലിനെ താൽക്കാലികമായി മുഖ്യ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. തുടർന്നങ്ങോട്ടുള്ള മത്സരങ്ങളിൽ ക്ലബ്ബിനെ നയിച്ചത് ഖാലിദ് ജമീൽ എന്ന ഇന്ത്യൻ തന്ത്രജ്ഞനായിരുന്നു.
അദ്ദേഹത്തിന് കീഴിൽ അജയ്യരായി മുന്നേറിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏവരെയും ഞെട്ടിച്ച് കൊണ്ട് പ്ലേ ഓഫിൽ എത്തി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പ്ലേ ഓഫിൽ എത്തിയ ടീമുകളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഴികെ മറ്റു മൂന്ന് ടീമുകളുടെയും പരിശീലകർ വിദേശികളായിരുന്നു. സെമി ഫൈനൽ പോരാട്ടത്തിൽ അടിപതറിയെങ്കിലും തലയുയർത്തിയാണ് അവർ മടങ്ങിയത്.
കഴിഞ്ഞ വർഷം ലീഗിലെ പ്രാഥമിക ഘട്ടത്തിൽ 20 മത്സരങ്ങൾ കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 8 വിജയവും, 9 സമനിലയും, 3 തോൽവിയുമായി മൂന്നാം സ്ഥാനക്കാരായാണ് സെമി ഫൈനൽ പ്രവേശനം നേടിയത്. കഴിഞ്ഞ സീസണിൽ ലീഗിൽ ഏറ്റവും കുറവ് തോൽവികൾ വഴങ്ങിയ ടീമുകളിലൊന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ തുറുപ്പ് ചീട്ടായ ഉറുഗ്വേ താരം ഫെഡെറിക്കോ ഗല്ലേഗോയെ ഇത്തവണയും ടീമിൽ നിലനിർത്തിയ ക്ലബ്ബ് മധ്യനിര താരമായ ഖാസ ഖമാര, മുന്നേറ്റ താരം ഡെഷ്റോൺ ബ്രൗൺ എന്നിവരെയും നിലനിർത്തിയിട്ടുണ്ട്. പുതുതായി മൂന്ന് വിദേശ താരങ്ങളെ മാത്രം കൊണ്ട് വന്ന നോർത്ത് ഈസ്റ്റ് ഇത്തവണയും പ്ലേ ഓഫാണ് ലക്ഷ്യമിടുന്നത്.