ഈസ്റ്റ് ബംഗാളിൻ്റെ മലയാളി താരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

0
78

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഈസ്റ്റ് ബംഗാളിൽ നിന്ന് ഒരു മലയാളി താരത്തെ സ്വന്തമാക്കി. ഗോൾകീപ്പറായ മിർഷാദിനെയാണ് നോർത്ത് ഈസ്റ്റ് ടീമിൽ എത്തിച്ചിരിക്കുന്നത്. 2017 മുതൽ ഈസ്റ്റ് ബംഗാളിൻ്റെ ഭാഗമാണ് മിർഷാദ്. പക്ഷേ എല്ലായ്പ്പോഴും ക്ലബ്ബിൽ ഒരു സെക്കൻഡ് ഗോൾകീപ്പറുടെ സ്ഥാനമാണ് താരത്തിന് ലഭിച്ചത്.

27 വയസ്സ് പ്രായമുള്ള ഈ ഗോൾകീപ്പറിന് ഈസ്റ്റ് ബംഗാളിൽ കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇക്കഴിഞ്ഞ നാല് വർഷങ്ങളിലും ക്ലബ്ബിനോടൊപ്പം ഉണ്ടായിരുന്നെങ്കിലും വെറും 11 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ഇതിൽ തന്നെ ക്ലബ്ബിൻ്റെ ആദ്യ ഇലവനിലും താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല.

ഈസ്റ്റ് ബംഗാളിൽ എത്തുന്നതിനു മുമ്പ് മിർഷാദ് ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. ഗോകുലം കേരള ജേഴ്സിയിൽ കേരള പ്രീമിയർ ലീഗിൽ മിന്നും പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഈ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് മിർഷാദിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. പക്ഷേ ഈസ്റ്റ് ബംഗാളിൽ എത്തിയ ശേഷം താരത്തിൻ്റെ കരിയറിൽ കാര്യമായ ഉയർച്ചകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

വരാനിരിക്കുന്ന സീസണിൽ ഈസ്റ്റ് ബംഗാളിൽ അവസരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി അവസാന നിമിഷം ഈസ്റ്റ് ബംഗാൾ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലൗ ജേതാവായ അരിന്ദം ഭട്ടാചാര്യയെ ടീമിൽ ലഭിച്ചതോടെ ഒന്നാം നമ്പർ ഗോൾകീപ്പർ പട്ടം മിർഷാദിന് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മിർഷാദിനെ വളരെ പെട്ടെന്ന് തന്നെ ടീമിൽ എത്തിക്കുകയായിരുന്നു. നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സുഭാശിഷ് ​​റോയ് ചൗധരിയാണ്. ഒരു പക്ഷേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ടീമിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പറാകാൻ മിർഷാദിന് വേറെ വെല്ലു വിളികൾ ഒന്നും തന്നെ ഉണ്ടാവുകയില്ല.

ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചിട്ടുള്ള 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് മിർഷാദ് വഴങ്ങിയിട്ടുള്ളത്. 2 ക്ലീൻ ഷീറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഇത്തവണ നോർത്ത് ഈസ്റ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഗോൾകീപ്പറാണ് മിർഷാദ്. നേരത്തെ യുവ ഗോൾകീപ്പർ നിഖിൽ ദേക്കയെ അവർ ടീമിലെത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here