ബ്രസീലിയൻ ക്ലബ്ബുമായി പാർട്ട്ണർഷിപ്പ് പ്രഖ്യാപിച്ച് ഒഡിഷ എഫ്സി

0
171

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സി ബ്രസീലിയൻ ക്ലബ്ബായ അവായ് ഫുട്ബാൾ ക്ലബ്ബുമായുള്ള പാർട്ട്ണർഷിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാണിജ്യപരവും, തന്ത്രപരവുമായ ഒരു പങ്കാളിത്തത്തമാണ് ഇരു ക്ലബ്ബുകളും തമ്മിൽ നടത്തുന്നത്. ഒഡിഷ എഫ്സിയുടെ ആഗോള ഫുട്ബോൾ സഖ്യം ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പാർട്ണർഷിപ്പ് പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു ഫുട്ബോൾ ക്ലബ്ബ് ബ്രസീലിയൻ ക്ലബ്ബുമായി പങ്കാളിത്തം ഉണ്ടാക്കുന്നത്. ഈ പങ്കാളിത്തം ഇരു ക്ലബ്ബുകൾക്കും അതു പോലെ തന്നെ ഇരു രാജ്യങ്ങൾക്കും ഒരു പോലെ ഗുണകരമായി മാറും. കായികപരമായ ഈ പങ്കാളിത്തത്തിൻ്റെ പ്രധാന ലക്ഷ്യം ഫുട്ബോളിനെ ശക്തിപ്പെടുത്തുക എന്നതാണ്.

അന്താരാഷ്ട്ര തലത്തിൽ ഒഡിഷ എഫ്സിക്ക് വലിയ സ്വീകാര്യത ഈ പങ്കാളിത്തത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയ്ക്കകത്തും, പുറത്തും ടീമിലെ താരങ്ങൾക്ക് ഇതു മൂലം കൂടുതൽ അവസരങ്ങൾ ലഭിക്കും. അതേ പോലെ പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നതിലും ഇത് ക്ലബ്ബിനെ സഹായിക്കും.

ബ്രസീലിലെ സാന്താ കത്രീന പട്ടണത്തിൽ നിന്നുള്ള ക്ലബ്ബാണ് അവായ് ഫുട്ബോൾ ക്ലബ്ബ്. മികച്ച ഫുട്ബോൾ അക്കാദമിയുള്ള ബ്രസീലിലെ ക്ലബ്ബുകളിൽ ഒന്നാണ് അവായി. ഈ ക്ലബ്ബിലൂടെ വളർന്നു വന്ന പല താരങ്ങളും ബ്രസീലിയൻ ദേശീയ ടീമിനായി പന്തു തട്ടിയിട്ടുണ്ട്. യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന ക്ലബ്ബ് കൂടിയാണിത്.

വർഷങ്ങളുടെ പാരമ്പര്യമാണ് അവായി ഫുട്ബോൾ ക്ലബ്ബിനുള്ളത്. ഫുട്ബോൾ രംഗത്ത് മികച്ച പാരമ്പര്യമുള്ള ഒരു ഫുട്ബോൾ ക്ലബ്ബുമായി പങ്കാളിത്തത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ടെന്നാണ് ഒഡിഷ എഫ്സിയുടെ പ്രസിഡണ്ടായ രാജ് അത്വാൽ പറഞ്ഞത്. ഒരു സൗത്ത് അമേരിക്കൻ ക്ലബ്ബുമായി ആദ്യമായി ഒരു പങ്കാളിത്തം സൃഷ്ടിച്ചതിലൂടെ ഇരു ക്ലബ്ബുകളുടെയും താരങ്ങൾക്ക് മികച്ച അവസരങ്ങൾക്കാണ് വഴി തുറക്കുന്നത്.

ഫുട്ബോൾ രംഗത്ത് ഇന്ത്യയും, ബ്രസീലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഈ പങ്കാളിത്തത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബ്രസീലിയൻ ടോപ് ഡിവിഷൻ ലീഗിൽ കളിക്കുന്ന അവായ് ഫുട്ബോൾ ക്ലബ്ബിന് തീർച്ചയായും ഒഡിഷ എഫ്സിയുടെ യുവ താരങ്ങൾക്ക് കൂടുതൽ മെച്ചപ്പെടാനുള്ള അവസരങ്ങൾ നൽകാൻ പുതിയ പങ്കാളിത്തത്തിലൂടെ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here