ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റ്, പയ്യോളി എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന പിടി ഉഷ. ഇന്ത്യയെ ലോകത്തിന്റെ തന്നെ നേറുകയിലെത്തിച്ച കായിക താരങ്ങളിൽ ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്പിൽ ഉഷ എന്ന പിടി ഉഷ.
കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27 ന് ആയിരുന്നു പിടി ഉഷയുടെ ജനനം. ആറുമക്കളിൽ രണ്ടാമത് ആയിരുന്നു ഉഷ. അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി. വസ്ത്രക്കച്ചവടക്കാരൻ ആയിരുന്നു പൈതൽ.
ഉഷയുടെ പ്രാഥമിക വിദ്യാഭാസം തൃക്കോട്ടൂർ സ്കൂളിൽ ആയിരുന്നു. അക്കാലത്തായിരുന്നു കേരളത്തിൽ കായികസ്കൂളായ ജി.വി.രാജാ സ്പോർട്ട് സ്കൂൾ ആരംഭിക്കന്നത്. ഉഷ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കണ്ണൂരിലെ ജി.വി.രാജാ സ്പോർട്ട്സ് ഡിവിഷൻ സ്കൂളിൽ ചേർന്നു. ഒ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ ആദ്യത്തെ പരിശീലകൻ. അദ്ദേഹം ഉഷയെ ഒരു മികച്ച അത്ലറ്റാക്കുന്നതിനുവേണ്ടി കഠിനപരിശ്രമം നടത്തി. പക്ഷെ അതിനു മുൻപ് തന്നെ തൃക്കോട്ടൂർ യു പി സ്കൂൾ കായികാധ്യാപകൻ ആയിരുന്ന ശ്രീ ഇ ബാലകൃഷ്ണൻ മാസ്റ്റർ ഉഷയിലെ കായിക താരത്തെ കണ്ടെത്തിയിരുന്നു
ദേശീയ സ്കൂൾ കായിക മേളയിൽ നിരവധി റെക്കോർഡുകൾ നേടി. ഹൈദരാബാദിലെയും നാഗ്പൂരിലെയും ദേശീയ അത്ലെറ്റിക്ക് മീറ്റുകളിൽ റെക്കോർഡുകളിൽ നിന്ന് പുതിയ റെക്കോർഡുകളിലേക്കു ആ കൊച്ചുമിടുക്കി ഓടിക്കയറി. പിന്നീട് 1980 ൽ കറാച്ചിയിൽ നടന്ന ദേശീയ മീറ്റിൽ 4 സ്വർണം കരസ്ഥമാക്കി അന്തരാഷ്ട്ര തലത്തിൽ കൊച്ചു ഉഷ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. പതിനാറാം വയസ്സിൽ മെക്സിക്കോ ഒളിമ്പിക്സിൽ ആയിരുന്നു ആദ്യ മത്സരം. അന്ന് തിളങ്ങാൻ ആയില്ലെങ്കിലും പിന്നീടങ്ങോട്ട് ഉഷയുടെ കാലമായിരുന്നു.
1985-ൽ ജക്കാർത്ത ഏഷ്യൻ അത്ലറ്റിക്സിൽ അഞ്ചു സ്വർണവും ഒരു ബ്രോൺസും, 1986ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണ മെഡലും നേടി. 1985 ലും 1986 ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തു താരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല
പയ്യോളി കടപ്പുറത്തു നിന്നും ഓടിത്തുടങ്ങിയ ആ അഭിമാന നക്ഷത്രം ഒടുവിൽ ലോസാഞ്ചലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിന്റെ ഫൈനൽ വരെ ഓടിയെത്തി. നിമിഷത്തിന്റെ നൂറിലൊരു അംശത്തിലാണ് അന്ന് ഒളിമ്പിക്സ് മെഡൽ കയ്യിൽ നിന്ന് വഴുതി പോയത്. അന്ന് പയ്യോളിക്കാരി ഓടിക്കയറിയത് ഒളിമ്പിക്സിന്റെ ഫൈനലിൽ മാത്രമായിരുന്നില്ല ഓരോ ഇന്ത്യക്കാരുടെയും ഹൃദയത്തിലേക്കായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി. 2000 -ൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. .ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് നടത്തുന്നു. ഇന്ത്യൻ അത്ലറ്റിക് ചരിത്രത്തിലെ ഏറ്റവും മികച്ച അധ്യായം ആണ് പിടി ഉഷ. ‘ഗോൾഡൻ ഗേൾ’, ‘ക്വീൻ ഓഫ് ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ്’, ‘പയ്യോളി എക്സ്പ്രസ്സ് ‘ എന്നീ പേരുകൾ രാജ്യം ഉഷക്ക് സമ്മാനിച്ചു.
????️ Adv Arabhi Omana Sasikumar| ✂️ Sudeesh Pullamplavil