രാജീവ് ഗാന്ധി ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ട് നാലു കായീക താരങ്ങൾ!

0
206

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനികാ ബത്ര, റിയോ പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു എന്നീ നാല് താരങ്ങള്‍ക്ക് കായിക രംഗത്തെ പരമോന്നത പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ.

ഇത്തവണ 12 അംഗ സമിതിയാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി കായീകതാരങ്ങളെ ശുപാര്‍ശ ചെയ്തത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്, മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാല്‍ സിങ് തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്. 2019ലെ ലോകകപ്പിലെ പ്രകടനമാണ് രോഹിത്തിനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യാനിടയാക്കിയത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ താരമാണ് വിനേഷ് ഫോഗട്ട്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി ചരിത്ര നേട്ടത്തിലെത്തിയ മനിക ബത്ര അതേ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡലും സ്വന്തമാക്കിയിരുന്നു.

ഇത് രണ്ടാം തവണയാണ് നാല് കായിക താരങ്ങള്‍ക്ക് ഒരേ വര്‍ഷം ഖേല്‍ രത്‌ന പുരുസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്നത്. 2016ല്‍, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍, ഷൂട്ടര്‍ ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. ഒളിമ്പിക്‌സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്ക് ഖേല്‍ രത്‌ന ലഭിച്ചത്.

ഖേല്‍ രത്‌ന അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന നാലാമത്തെ ക്രിക്കറ്റ് താരമാകും രോഹിത് ശര്‍മ. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. 1998ലാണ് സച്ചിന്‍ തെണ്ടുൽക്കറും 2007ല്‍ എംഎസ് ധോണിയും 2018ല്‍ വിരാട് കോലിയും ഖേല്‍ രത്‌നയ്ക്ക് അര്‍ഹരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here