പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൻ്റെ ആദ്യ മത്സരം ആരംഭിക്കുന്നത് നവംബർ 19-നാണ്. ഉദ്ഘാടന മത്സരത്തിൽ പതിവു പോലെ കേരള ബ്ലാസ്റ്റേഴ്സും, എടികെ മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുക. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ എടികെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു.
ഇത്തവണ പുതിയ വിദേശ താരങ്ങളുടെ കരുത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിനായി തയ്യാറെടുക്കുന്നത്. 6 വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് അണിനിരത്തുന്നത്. ഇതിൽ പ്രധാനിയായ താരമാണ് ചെന്നൈയിൻ എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിൽ എത്തിയ ബോസ്നിയൻ പ്രതിരോധ താരം എനെസ് സിപോവിച്ച്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം പകരുന്ന ഒരു സന്ദേശവുമായി എത്തിയിരിക്കുകയാണ് എനെസ് സിപോവിച്ച് എന്ന പ്രതിരോധ താരം. ഇന്ത്യൻ സൂപ്പർ ലീഗ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസ്സു തുറന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ചാണ് അഭിമുഖത്തിൽ കൂടുതലും എനെസ് സിപോവിച്ച് വാചാലനായത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്ക് ടീമിനോടുള്ള സ്നേഹവും, അഭിനിവേശവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും അതു കൊണ്ടു തന്നെ ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ കഴിയുന്നതെല്ലാം ഞങ്ങളുടെ ഭാഗത്തു നിന്ന് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങുമ്പോൾ അവരെ സന്തോഷിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ എനെസ് സിപോവിച്ച് മഞ്ഞപ്പടയുടെ സ്നേഹത്തിന് പകരം കൊടുക്കാൻ കഴിയുന്നത് ടീമിൻ്റെ മികച്ച വിജയങ്ങൾ തന്നെയാണെന്നും പറഞ്ഞു. ടീമിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം അഭിവാജ്യമായ ഘടകമാണ്.
അവരെ അതിനു സഹായിക്കുക എന്നത് ഒരു സീനിയർ താരമെന്ന നിലയിൽ എൻ്റെ ഉത്തരവാദിത്വമാണ്. ടീമിലെ പ്രതിരോധ നിരയിലെ കൂട്ടാളിയായ ലെസ്കൊവിച്ച് മികച്ച താരമാണ്. പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് അദ്ദേഹത്തിനുള്ള അനുഭവസമ്പത്തും, കഴിവും ടീമിന് ഗുണകരമായി മാറും. ഇത്തവണ ഇന്ത്യൻ പ്രതിരോധ താരങ്ങളുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.