ബെംഗളൂരു എഫ്സിയുമായി കരാർ പുതുക്കി സുരേഷ് വാങ്ജാം!

0
154

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ ഡിഫൻസീവ് മിഡ്ഫീൽഡറാണ് സുരേഷ് വാങ്ജാം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ക്ലബ്ബിനു വേണ്ടി 19 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ഈ സീസണോടു കൂടി താരത്തിന്റെ കരാർ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ പല ക്ലബ്ബുകളും താരത്തെ നോട്ടമിട്ടു. എന്നാൽ ഇതിനെല്ലാം ഒരു അവസാനം കുറിച്ചു കൊണ്ട് സുരേഷ് വാങ്ജാം എന്ന യുവ താരത്തിന് ബെംഗളൂരു എഫ്സി പുതിയ കരാർ നൽകുകയായിരുന്നു.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മൂന്നു വർഷത്തെ പുതിയ കരാറാണ് സുരേഷ് വാങ്ജാമിന് ബെംഗളൂരു എഫ്സി നൽകിയിരിക്കുന്നത്. ഇതു പ്രകാരം 2024 വരെ അദ്ദേഹത്തിന് ബെംഗളൂരു എഫ്സിയിൽ തുടരാൻ സാധിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരത്തിനെ ഇന്ത്യൻ ദേശീയ ടീമിന്റെ സൗഹൃദ മത്സരത്തിനുള്ള സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തിരുന്നു.

ദേശീയ ടീമിനൊപ്പം താരം ഇപ്പോൾ ദുബായിലാണ് ഉള്ളത്. ദേശീയ ടീമിനൊപ്പം ചേരുന്നതിനു മുമ്പ് തന്നെ താരം കരാർ സംബന്ധിച്ച രേഖകളിൽ ഒപ്പു വെച്ചു എന്നാണ് സൂചനകൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ ബെംഗളൂരു എഫ്സി തകർന്നടിഞ്ഞെങ്കിലും സുരേഷ് വാങ്ജാം മികച്ച വ്യക്തിഗത പ്രകടനമാണ് നടത്തിയത്.

വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള താരത്തെ ഈസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ അണ്ടർ-17 വേൾഡ് കപ്പിൽ പങ്കെടുത്ത താരത്തിന് മറ്റു പല ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ അതിനേക്കാളെല്ലാം മികച്ച ഓഫർ ബെംഗളൂരു എഫ്സി നൽകിയതോടെ ക്ലബ്ബിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.

ക്ലബ്ബ് ആദ്യം താരത്തിന് രണ്ടു വർഷത്തെ കരാർ ആയിരുന്നു ഓഫർ ചെയ്തിരുന്നത്. എന്നാൽ പിന്നീടത് മൂന്നു വർഷത്തെ കരാറായി ദൈർഘിപ്പിക്കുകയായിരുന്നു. രാഹുൽ ഭേക്കേ, ഖാബ്ര തുടങ്ങിയ പ്രധാന താരങ്ങൾ ടീം വിടാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ബെംഗളൂരു എഫ്സി മറ്റൊരു താരത്തിന്റെ കൊഴിഞ്ഞു പോക്ക് തടയുക എന്ന ലക്ഷ്യത്തോടെ സുരേഷ് വാങ്ജാമിന് ദീർഘകാല കരാർ നൽകിയത്.

മണിപ്പൂർ സ്വദേശിയായ സുരേഷ് വാങ്ജാം 2019-ലാണ് ബെംഗളൂരു എഫ്സിയിൽ എത്തിയത്. അതിന് മുമ്പത്തെ സീസണിൽ ഇന്ത്യൻ ആരോസിനൊപ്പം മിന്നും പ്രകടനമാണ് താരം നടത്തിയത്. ബെംഗളൂരു എഫ്സിയിൽ എത്തിയ ആദ്യ നാളുകളിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീടങ്ങോട് കളിക്കത്തിൽ തിളങ്ങിയതോടെ താരം ബെംഗളൂരു എഫ്സിയിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു.

????️ അതുൽ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here