ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഫിക്സ്ചർ പുറത്ത് വിട്ടു

0
101

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫിക്സ്ചർ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലെപ്മെൻ്റ് ലിമിറ്റഡാണ് ഇതു സംബന്ധിച്ച് ഒദ്യോഗിക പ്രസ്താവന നടത്തിയിരിക്കുന്നത്‌. നവംബർ 19-ന് ആരംഭിക്കുന്ന ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക കേരള ബ്ലാസ്റ്റേഴ്സും, എടികെ മോഹൻ ബഗാനുമാണ്.

ഇത്തവണയും ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവൻ മത്സരങ്ങളും നടക്കുക. മൊത്തം 11 ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിനായി പരസ്പരം ഏറ്റുമുട്ടുന്നത്. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനും, കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുക ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിലാണ്. രാത്രി 7:30-നാണ് ഈ മത്സരം ആരംഭിക്കുക.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ തുടർന്നുള്ള മത്സരങ്ങളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.

ഉദ്ഘാടന മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാമത്തെ മത്സരം നവംബർ 25-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരെയാണ്. മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ ബെംഗളൂരു എഫ്സിയാണ്. നവംബർ 28-നാണ് ഈ മത്സരം നടക്കുക. അവസാനം ഏറ്റുമുട്ടിയ 2 മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു.

തൊട്ടടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത് ഒഡിഷ എഫ്സിയെയാണ്. ഡിസംബർ 5-നാണ് ഈ മത്സരം നടക്കുക. പിന്നീട് ഡിസംബർ 12, 19, 22 തുടങ്ങിയ തീയ്യതികളിൽ നടക്കുന്ന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക യഥാക്രമം ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി തുടങ്ങിയ ടീമുകളെയാണ്.

അതിനു ശേഷം ഡിസംബർ 26-ന് ജംഷെഡ്പൂർ എഫ്സിയെയും, ജനുവരി 2-ന് എഫ്സി ഗോവയെയും നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ജനുവരി 9-ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതിന് ശേഷം തുടർച്ചയായ എട്ടാം വർഷമാണ് ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ 2 തവണ റണ്ണറപ്പുകളായ കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചിട്ടില്ല. 2016-ന് ശേഷം പ്ലേ ഓഫിൽ പോലും എത്തിപ്പെടാൻ സാധിക്കാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആരാധകരുടെ പ്രതീക്ഷയക്ക് അപ്പുറത്തേക്ക് ഉയരുമെന്ന സൂചനകൾ തന്നെയാണ് ഇപ്പോൾ ലഭിക്കുന്നത്.

മറ്റു പല ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളെക്കാളും നേരത്തെ തന്നെ ഇത്തവണ പ്രീ സീസൺ പരിശീലനം ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഡ്യൂറൻഡ് കപ്പ് ടൂർണമെൻ്റിൽ പ്രധാന താരങ്ങളെ കളത്തിലിറക്കിയതും ഈ ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here