ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. നവംബർ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത് എടികെ മോഹൻ ബഗാനെയാണ്. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയമാണ് ഐഎസ്എല്ലിൻ്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.
ഐഎസ്എൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഗോവയിൽ മികച്ച തയ്യാറെടുപ്പുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗോവയിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ഐഎസ്എൽ ക്ലബ്ബായ ജംഷെഡ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിൽ മലയാളി താരം പ്രശാന്ത്, സ്പാനിഷ് താരം അൽവാരോ വാസ്ക്വേസ് എന്നിവരാണ് ഗോളുകൾ നേടിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് മറ്റുള്ള ക്ലബ്ബുകളേക്കാൾ വളരെ മുമ്പു തന്നെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിരുന്നു.
പുതിയ പരിശീലകന് കീഴിൽ ദീർഘനാൾ പരിശീലനം നടത്താൻ കഴിഞ്ഞതിനാൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. പ്രീ സീസൺ മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ഇത്തവണ ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരത്തിനായി കാത്തിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം നൽകിക്കൊണ്ട് ഇപ്പോൾ ഒരു പുതിയ പ്രോമോ വീഡിയോയാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയിട്ടുള്ളത്. ഒരു കട്ട ബ്ലാസ്റ്റേഴ്സ് ആരാധകനായ ശങ്കരൻ ചേട്ടനെയാണ് പ്രോമോ വീഡിയോയിൽ കാണിക്കുന്നത്. ഈ പ്രോമോ വീഡിയോയുടെ ടാഗ് ലൈൻ “കേരള ബ്ലാസ്റ്റേഴ്സ് 11 പേരുടെ മാത്രം ടീമല്ല, ലക്ഷങ്ങളുടെ വികാരമാണ്” എന്നതാണ്.
ഇടഞ്ഞ കൊമ്പനെ തടഞ്ഞു നോക്കെടാ, കപ്പടിക്കണം കലിപ്പടക്കണം തുടങ്ങിയ മുൻ വർഷങ്ങളിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രോമോ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബ്ബുകളുടെ പ്രോമോ വീഡിയോകളേക്കാൾ കൂടുതൽ ജനപ്രീതിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്രോമോ വീഡിയോകൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ പ്രോമോ വീഡിയോയും ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.