ഐഎസ്എല്ലിൽ നിന്ന് വീണ്ടും ഐ ലീഗിലേക്ക് മടങ്ങി ഈ താരം

0
67

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് തൻ്റെ പഴയ തട്ടകമായ ഐ ലീഗിലേക്ക് മടങ്ങിയിരിക്കുകയാണ് സ്പാനിഷ് താരം ഫ്രാൻ ഗോൺസാലസ്. കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിക്ക് വേണ്ടിയാണ് ഫ്രാൻ ഗോൺസാലസ് കളത്തിലിറങ്ങിയത്. 32 വയസ്സ് പ്രായമുള്ള താരത്തിന് ഡിഫൻ്ററായും, ഡിഫൻസീവ് മിഡ്ഫീൽഡറായും കളിയ്ക്കാൻ സാധിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി 18 മത്സരങ്ങളിലാണ് ഫ്രാൻ ഗോൺസാലസ് കളത്തിലിറങ്ങിയത്. ലീഗിൽ അസിസ്റ്റുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഒരു ഗോൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇതു കൂടാതെ 13 ഇൻ്റർസെപ്ക്ഷനുകളും, 46 ക്ലിയറൻസുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഐഎസ്എല്ലിൽ കഴിഞ്ഞ വർഷം ബെംഗളൂരു എഫ്സിക്കൊപ്പം നിരാശാജനകമായ ഒരു സീസണായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ലീഗിൽ ഏഴാം സ്ഥാനത്തായാണ് ബെംഗളൂരു എഫ്സി സീസൺ അവസാനിപ്പിച്ചത്. അഞ്ച് ജയവും, ഏഴ് സമനിലയും, 8 തോൽവിയുമായിരുന്നു അവരുടെ സമ്പാദ്യം.

ബെംഗളൂരു എഫ്സിയിൽ ഒരു വർഷത്തെ കരാറായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസൺ അവസാനിച്ചതോടെ ഫ്രീ ഏജൻ്റായി മാറിയ താരത്തെ മറ്റ് ഐഎസ്എൽ ക്ലബ്ബുകളൊന്നും സ്വന്തമാക്കിയിരുന്നില്ല. തുടർന്നാണ് ഇപ്പോൾ അദ്ദേഹത്തെ ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ്സി സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ തൻ്റെ പഴയ തട്ടകമായ ഐ ലീഗിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. 2019-ൽ ഐ ലീഗ് ക്ലബ്ബായ മോഹൻ ബഗാന് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് ഫ്രാൻ ഗോൺസാലസ്. മോഹൻ ബഗാൻ മധ്യനിരയുടെ എഞ്ചിനായി പ്രവർത്തിച്ച താരം 2019-20 സീസണിൽ ക്ലബ്ബിനോടൊപ്പം ഐ ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു.

പിന്നീട് മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ കൊൽക്കത്തയുമായി ചേർന്ന് എടികെ മോഹൻ ബഗാൻ എന്ന പുതിയ ക്ലബ്ബ് രൂപീകരിച്ചപ്പോൾ താരത്തെ ടീമിൽ നിലനിർത്തിയിരുന്നില്ല. തുടർന്ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബെംഗളൂരു എഫ്സി താരത്തിൻ്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here