രണ്ട് ISL ക്ലബ്ബുകളുടെ ടോപ് ഗോൾ സ്കോറർ!

0
541

ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ക്ലബ്ബുകൾക്കും ടോപ് ഗോൾ സ്കോറർമാർ ഉണ്ടാകും. എന്നാൽ രണ്ടു വ്യത്യസ്ത ക്ലബ്ബുകളുടെ ടോപ് ഗോൾ സ്കോറർ പട്ടം അലങ്കരിക്കുന്നത് ഒരേ താരം തന്നെയാണ്. ആ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയിട്ട് രണ്ടു വർഷം മാത്രമേ ആയിട്ടുള്ളൂ. പക്ഷേ രണ്ടു സീസണുകളിലും, രണ്ടു വ്യത്യസ്തമായ ക്ലബ്ബുകൾക്കായ് കളത്തിലിറങ്ങിയ താരം മികച്ച ഗോൾ നേട്ടത്തോടെ ആ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെയും ടോപ് ഗോൾ സ്കോറർ പട്ടം അലങ്കരിക്കുകയാണ്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

പ്രതിഭാശാലിയായ ആ വിദേശ താരത്തിന്റെ പേരാണ് ബാർത്തലോമിയോ ഒഗ്ബെച്ചേ. മുൻ നൈജീരിയൻ ദേശീയ ടീം താരമായ ഒഗ്ബെച്ചേയ്ക്ക് 36 വയസ്സാണ് പ്രായം. ഫ്രഞ്ച് ലീഗ് വമ്പന്മാരായ പാരീസ് സെൻ്റ് ജെർമെയ്നിലൂടെയാണ് അദ്ദേഹം തന്റെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചത്. നാലു വർഷത്തോളം ഫ്രഞ്ച് ലീഗ് വമ്പന്മാരുടെ ഭാഗമായ താരം അമ്പതിലേറെ മത്സരങ്ങളിൽ കളത്തിലിറങ്ങുകയും 6 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Bartholomew ogbeche Image Credits | Facebook

പിന്നീട് യുഎഇ പ്രൊ ലീഗ് ക്ലബ്ബായ അൽജസീറയ്ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. യുഎഇ പ്രോ ലീഗിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളതെങ്കിലും അവസരങ്ങൾ ലഭിച്ചപ്പോൾ എല്ലാം മികച്ച പ്രകടനം തന്നെ താരം നടത്തിയിട്ടുണ്ട്. അതിനു ശേഷം ലാ ലീഗയിൽ അലാവെസ്, റിയൽ വല്ലഡോളിഡ് തുടങ്ങിയ ക്ലബ്ബുകൾക്കായ് കളിച്ച താരം ലാ ലീഗയിലെ പല വമ്പൻ ക്ലബ്ബുകൾക്കെതിരെയും കളത്തിലിറങ്ങിയിട്ടുണ്ട്.

പക്ഷേ ലാ ലീഗയിൽ ഒരു മികച്ച ഗോൾ സ്കോററായ് മാറാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. താരനിബിഡമായ ക്ലബ്ബുകളിൽ പലപ്പോഴും ആദ്യ ഇലവനിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. പല മത്സരങ്ങളിലും പകരക്കാരനായ് കളത്തിലിറങ്ങിയ താരത്തിന് കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. അലാവെസിന് വേണ്ടി ആദ്യ സീസണിൽ 5 ഗോളുകൾ നേടിയ താരത്തിന് തൻ്റെ രണ്ടാമത്തെ സീസണിൽ റിയൽ വല്ലഡോളിഡിനായ് വെറും 3 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

അതിനു ശേഷം ഗ്രീക്ക് ലീഗിൽ എത്തിയ താരം കവാല എന്ന ക്ലബ്ബിനു വേണ്ടിയാണ് ബൂട്ട് കെട്ടിയത്. ക്ലബ്ബിനായ് ഭൂരിഭാഗം മത്സരങ്ങളിലും അവസരം ലഭിച്ച താരത്തിന് ഒരു ഗോൾ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. സീസൺ അവസാനിച്ചപ്പോൾ ഇംഗ്ലീഷ് സെക്കൻഡ് ഡിവിഷനിൽ എത്തിയ ഒഗ്ബെച്ചേ മിഡിൽസ്ബറോ എന്ന ക്ലബ്ബിനായ് ഒരു വർഷത്തോളം കളിച്ചെങ്കിലും അവിടെ തിളങ്ങാൻ സാധിച്ചില്ല. പിന്നീട് 2014-ൽ അദ്ദേഹം ഡച്ച് ലീഗിൽ എത്തുകയായിരുന്നു.

രണ്ടു വർഷത്തോളം ഡച്ച് ലീഗിൽ തുടർന്ന താരം 36 ഗോളുകളാണ് നേടിയത്. ഡച്ച് ലീഗിനോട് വിട പറഞ്ഞ താരം 2018-ൽ ആണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഡച്ച് പരിശീലകനായ എൽക്കോ ഷട്ടോരിയ്ക്ക് കീഴിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്. അഞ്ചു വർഷത്തോളം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചെങ്കിലും ഒരു പ്ലേ ഓഫ് യോഗ്യത പോലും നേടാൻ കഴിയാതിരുന്ന ക്ലബ്ബാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

Bartholomew Ogbeche Image Credits | Facebook

എന്നാൽ ബാർത്തലോമിയോ ഒഗ്ബെച്ചേ എന്ന പരിചയ സമ്പന്നരായ താരത്തിന്റെ ചുമലിലേറി ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കാഴ്ച വെച്ചത്. ക്ലബ്ബിന് വേണ്ടി 18 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 12 ഗോളുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ഗോൾ വേട്ടയിൽ പല മത്സരങ്ങളിലും ക്ലബ്ബിന് വിജയിക്കാൻ സാധിച്ചു. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ചരിത്രത്തിലാദ്യമായ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിന് യോഗ്യത നേടി.

ആ ഒരൊറ്റ സീസൺ കൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ് ബാർത്തലോമിയോ ഒഗ്ബെച്ചേ മാറി. എന്നാൽ തൊട്ടടുത്ത സീസണിൽ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായ എൽക്കോ ഷട്ടോരി ടീം വിട്ട് കേരള ബ്ലാസ്റ്റേഴ്സിൽ എത്തി. ബ്ലാസ്റ്റേഴ്സ് പരിശീലകനായ് ചുമതലയേറ്റ ഷട്ടോരി ആദ്യം ചെയ്തത് തന്റെ പ്രിയ താരമായ ഒഗ്ബെച്ചെയെ സ്വന്തം ടീമിൽ എത്തിക്കുകയായിരുന്നു. അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തി.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരത്തിന് ക്ലബ്ബ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം നൽകി. ബ്ലാസ്റ്റേഴ്സ് സീസണിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത് എങ്കിലും അത് പ്രതിഭാധനനായ ഈ താരത്തെ ഒട്ടും ബാധിച്ചില്ല. കാരണം കഴിഞ്ഞ സീസണിൽ കാഴ്ച വെച്ചതിനേക്കാൾ മികച്ച പ്രകടനമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനായ് പുറത്തെടുത്തത്. സീസണിൽ മൊത്തം 16 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായ് ബൂട്ട് കെട്ടിയ താരം 15 ഗോളുകളാണ് നേടിയത്.

Bartholomew Ogbeche Image Credits | Facebook

ഒരൊറ്റ സീസൺ കൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ് അദ്ദേഹം മാറി. ഇന്ത്യൻ സൂപ്പർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്കാരം നിർഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതു വരെ 34 മത്സരങ്ങൾ കളിച്ച താരം 27 ഗോളുകളാണ് നേടിയിട്ടുള്ളത്. രണ്ടു സീസണുകളിലും ഗോളടി തുടർന്ന താരം നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെയും, കേരള ബ്ലാസ്റ്റേഴ്സിന്റെയും ടോപ്പ് ഗോൾ സ്കോറർ ആണ്. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ട താരം മുംബൈ സിറ്റി എഫ്സിക്ക് വേണ്ടിയാണ് കളിക്കുക.

അതുൽ ബാബു

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here