ആരാണ് കരോലിസ് സ്കിങ്കിസ്?

1
1156
Image Credits | ISL

ആരാണ് കരോലിസ് സ്കിങ്കിസ്?

രണ്ടു തവണ ഫൈനലിൽ എത്തിയിട്ടും ആരും കൊതിക്കുന്ന ആരാധകപിന്തുണയുണ്ടായിട്ടും ആറ് സീസണുകൾക്കപ്പുറം ഒരു തവണ പോലും കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. മികച്ച താരങ്ങളെ അണിനിരത്തി, ഉയർന്ന നിലവാരത്തിലുള്ള പരിശീലകരെയും സ്റ്റാഫുകളെയും പങ്കുചേർത്ത് പരീക്ഷങ്ങൾ പലതും നടത്തിയിട്ടും നിരാശ മാത്രമായിരുന്നു ഫലം. ഒടുവിലാണ് പതിനെട്ടാമത്തെ അടവായി കരോലിസ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. തന്റെ കരിയറിൽ ഏറ്റവും വിജയകരമായ ട്രാക്ക് റെക്കോർഡുള്ള കരോലിസ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതെങ്ങിനെയെന്നു ആദ്യം മനസിലായില്ലെങ്കിലും ടീമിന്റെ പുതിയ വിദേശ നിക്ഷേപകരെപ്പറ്റിയുള്ള ഗോസിപ്പുകൾ കാര്യങ്ങൾ വ്യക്തമാക്കി തന്നു. ഒടുവിൽ മുൻ പരിശീലകനായ എൽകോ ഷെറ്റോരി ഒരു അഭിമുഖത്തിൽ വിദേശനിക്ഷേപകരെപ്പറ്റിയും കരോലീസിനെ പറ്റിയും സംസാരിക്കുകയും ചെയ്തതോടെ എല്ലാം കൂടുതൽ വ്യക്തമായി.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

സ്ഥാനമേറ്റടുത്ത് രണ്ടു മാസത്തിനുള്ളിൽ ആരെയും കൂസാതെ വിപ്ലവകരമായ മാറ്റങ്ങളാണ് കരോലിസ് സ്കിങ്കിസ് ടീമിൽ വരുത്തിയത്. ആരാധകരുടെയും താരങ്ങളുടെയും പ്രിയങ്കരനായിരുന്ന മുഖ്യ പരിശീലകൻ എൽകോ ഷെറ്റോരിയുമായുള്ള കരാർ അവസാനിപ്പിച്ച് മോഹൻ ബഗാനെ കിരീടത്തിലേക്ക് നയിച്ച കിബു വികുനയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ബ്ലാസ്റ്റേഴ്സിന്റെ മുഖമായിരുന്നു ജിങ്കനുമായുള്ള കരാറും അദ്ദേഹം അവസാനിപ്പിച്ച്. ആരാധകർക്ക് ഏറ്റവും വേണ്ടപ്പെട്ട ജിങ്കനെപ്പോലുള്ള ഒരു താരത്തെ ഒഴിവാക്കുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതികൂലാവസ്ഥകളെയൊന്നും അദ്ദേഹം തീരെ വകവച്ചില്ല. ഇഷ്ഫാഖ് അഹമ്മദും ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന ഗോസ്സിപ്പിന്റെ ചൂട് മാറും മുൻപ് അദ്ദേഹവുമായുള്ള പങ്കാളിത്ത കാലാവധി നീട്ടികൊണ്ട്, നിശബ്ദമായി എന്നാൽ ഏറ്റവും ഉശിരോടെ കരോലിസ് മറുപടി പറഞ്ഞു. ഏറ്റവും ഒടുവിൽ കേൾക്കുന്ന വിവരങ്ങൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് സിഇഓ വിരേൻ ഡിസിൽവയും കളമൊഴിയുകയാണ്. അങ്ങനെ മൊത്തത്തിൽ ടീമിനെ അഴിച്ചുപണിയുകയാണ് കരോലിസ്.

എന്തുകൊണ്ട് കരോലീസിനെ വിശ്വസിക്കാം?

ഉത്തരം വളരെ ലളിതമാണ്. അദ്ദേഹത്തെ വിശ്വസിക്കാൻ അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡ് തന്നെ ധാരാളം. പ്രശസ്ത ലിത്വാനിയൻ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായി അഞ്ചുവർഷത്തിലേറെ അനുഭവസമ്പത്തുള്ള കരോലിസ് സ്കിങ്കിസ്, ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. ചിലവഴിക്കുന്ന ഓരോ രൂപക്കും അർഹമായ പ്രതിഫലം ലഭിക്കണം എന്നാഗ്രഹിക്കുന്ന, പ്രൊഫെഷനോടു തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന വ്യക്തിയാണദ്ദേഹം. തന്റെ എഫ്കെ സുഡുവക്കൊപ്പമുള്ള സീസണുകളിൽ അദ്ദേഹം ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഏറ്റവും മികച്ച രീതിയിൽ ടീം കൈകാര്യം ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെയാകും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എഫകെ സുഡുവ ക്ലബ് 2017, 2018, 2019 വര്‍ഷങ്ങളില്‍ ലിത്വാനിയൻ ലീഗ് കിരീടം നേടി. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു ഈ നേട്ടങ്ങൾ.

പലതരം തന്ത്രങ്ങൾ പയറ്റിയാണ് അദ്ദേഹം ഈ നേട്ടങ്ങൾ കൈവരിച്ചത്. കൂടുതൽ വരുമാനം നൽകുന്ന, സ്വദേശ, വിദേശതാരങ്ങളെ ഒഴിവാക്കുകയും, മികച്ച മൂല്യമുള്ളവരും എന്നാൽ പ്രശസ്ത ലീഗുകളിൽ അവസരം ലഭിക്കാതെ പോവുകയും ചെയ്ത താരങ്ങളെ താരതമ്യേന കുറഞ്ഞ നിരക്കിൽ ടീമിനായി സ്വന്തമാക്കുകയും ചെയ്തു. ആരാധകരുടെ എതിർപ്പുകൾ ആദ്യഘട്ടത്തിൽ ഏറെ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. എന്നാൽ ഇപ്പോൾ ചെയ്യുന്നതുപോലെ അന്നും പ്രതികരണങ്ങൾക്ക് അദ്ദേഹം തയ്യാറായില്ല. പ്രതികരണങ്ങൾ ടീമുമായി ബന്ധപ്പെട്ട, ഏല്പിക്കപ്പെട്ടവർ ചെയ്യും എന്ന അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നിൽ മറ്റു ചില ഉദ്ദേശങ്ങൾ കൂടിയുണ്ടായിരുന്നു. ഒരു തന്റെ തന്ത്രങ്ങൾ പുറത്തറിയാതിരിക്കാനുളള ബുദ്ധിപരമായ നീക്കം കൂടിയായിരുന്നുവത്. അവസാന നിമിഷത്തിൽ എഫ്കെ സുഡുവക്കുവേണ്ടി കരാറൊപ്പിട്ട പ്രശസ്തവിദേശ താരങ്ങളും, ഏറ്റവും ഒടുവിൽ കിരീട നേട്ടവും അദ്ദേത്തിനെ വിമർശിച്ചവർക്കുള്ള മറുപടിയായി.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

കരോലിസിന്റെ മറ്റൊരു പ്രേത്യേകതയാണ് ഏറ്റവും മികച്ച സപ്പോർട്ടിങ് സ്റ്റാഫിനെയും പരിശീലകരെയുമെല്ലാം ടീമിന്റെ ഭാഗമാക്കുക എന്നത്. ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിലും അതുതന്നെ കരോലിസ് സ്കിങ്കിസ് പിന്തുടരുന്നു. വിജയ ചരിത്രമില്ലാത്ത എൽക്കോയെ ഒഴിവാക്കി കിബുവിനെ കൊണ്ടുവന്നതും ഇഷ്ഫാക്കിനെ നിലനിർത്തിയതുമെല്ലാം അതിനോട് ചേർത്തുവായിക്കാം.

മികച്ച താരങ്ങളെയും പരിശീലകരെയുമെല്ലാം കളത്തിലിറക്കി, തിരശീലക്കു പിന്നിൽ മറഞ്ഞിരുന്ന്, ടീമിന്റെ ഓരോ നീക്കങ്ങളെയും നിയന്ത്രിച്ച് അടുത്ത സീസണിൽ കരോലിസ് സ്കിങ്കിസ് ഉണ്ടാകും. ഏറെ നാളായി കാത്തിരിക്കുന്ന കിരീടം നമുക്ക് സമ്മാനിക്കാൻ… വിമർശിച്ചവരെകൊണ്ട് കയ്യടിപ്പിക്കാൻ..! നമുക്കായി കപ്പടിപ്പിച്ച് നമ്മുടെ കലിപ്പടപ്പിക്കാൻ!

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here